ഗ്രൂപ്പ് തർക്കം കാരണം അന്തിമ തീയതിക്കുള്ളിലും പട്ടിക തയ്യാറാകാതെ കെ പി സി സി. അതേസമയം മഹിളാ കോൺഗ്രസ്, കെ.എസ്.യു ഭാരവാഹികളുടെ പട്ടിക അനുമതിക്കായി എഐസിസിക്ക് കൈമാറി.പുനസംഘടന പൂർത്തിയാക്കാൻ എല്ലാമാസവും കെപിസിസി അവസാന തീയതി അറിയിക്കുമെങ്കിലും ഡിസിസി തലത്തിൽനിന്ന് പുനസംഘടനയിൽ ഉൾപ്പടേണ്ടവരുടെ പട്ടിക എത്താത്തതിനെ തുടർന്ന് തീയതി പിന്നെയും നീട്ടുകയാണ് ചെയ്യുന്നത്. ഏറ്റവും ഒടുവിൽ ആറു ജില്ലകളാണ് പട്ടിക നൽകിയിരിക്കുന്നത്. ബാക്കിയുള്ളവർ തരുന്ന മുറയ്ക്ക് പുനസംഘടനയെന്നാണ് കെപിസിസി പ്രസിഡൻറ് പറയുന്നത്.
ഗ്രൂപ്പ് തർക്കമാണ് ഡിസിസി ഭാരവാഹികളുടെ പട്ടിക തയ്യാറാക്കുന്നതിന് തടസമായിട്ടുള്ളത്. ഇതേ സാഹചര്യമാണ് മഹിളാ കോൺഗ്രസ് പുനസംഘടനയിലുമുള്ളത്. കെ എസ് യുവിന്റെ പുതിയ നിരയെ പ്രഖ്യാപിച്ചിട്ടും സഹഭാരവാഹികളെയും തീരുമാനിക്കാൻ കഴിഞ്ഞിട്ടില്ല. പട്ടിക എഐസിസിക്ക് നൽകിയെന്നാണ് കെപിസിസി അധ്യക്ഷൻ പറയുന്നത്.