cover 12

കൂട്ടക്കൊലയ്‌ക്കൊരുങ്ങി
കഴുമരമേറിയ പ്രഭു

മിത്തുകള്‍, മുത്തുകള്‍ – 30
ബൈബിള്‍ കഥ
പുനരാഖ്യാനം:
ഫ്രാങ്കോ ലൂയിസ്

മഹാനായ അഹസ്വേരുസാണ് പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തി. ഇന്ത്യ മുതല്‍ എത്യോപ്യവരെ 12 രാജ്യങ്ങളുടെ അധിപന്‍. സമ്പത്തിന്റെയും പ്രതാപത്തിന്റെയും ശക്തിയുടെയും കാര്യത്തില്‍ അഹസ്വേരൂസ് ചക്രവര്‍ത്തിയെ വെല്ലാന്‍ ആരുമില്ല.

കിരീടധാരണത്തിന്റെ മൂന്നാം വാര്‍ഷികം ഗംഭീരമായി ചക്രവത്തി ആഘോഷിക്കുകയാണ്. എല്ലാ രാജാക്കന്മാരും പ്രഭുക്കന്മാരും സേനാധിപന്മാരും പണ്ഡിതരുമെല്ലാം ആഘോഷ വിരുന്നിന് എത്തിയിട്ടുണ്ട്.

ആയിരക്കണക്കിനു വിശിഷ്ടാതിഥികള്‍ മുന്തിയയിനം വീഞ്ഞു കുടിച്ചും ഇഷ്ടവിഭവങ്ങള്‍ ഭക്ഷിച്ചും ഉല്ലസിക്കുന്നു. ചക്രവര്‍ത്തി സിംഹാസനത്തിലിരുന്ന് അതിഥികളോടു കുശലാന്വേഷണം നടത്തുന്നു; പരിചാരകര്‍ക്കു നിര്‍ദേശം നല്‍കുന്നു. ചക്രവര്‍ത്തിയുടെ പത്‌നി വാഷതി രാജ്ഞിയാകട്ടേ, കൊട്ടാരത്തിനകത്ത് വനിതകളായ അതിഥികളെ സല്‍ക്കരിക്കുന്ന തിരക്കിലാണ്. വിരുന്നു കെങ്കേമമായി. എല്ലാം അവസാനിച്ച് അതിഥികള്‍ പിരിയുകയാണ്. അതിഥികളെ യാത്രയാക്കാന്‍ കൊട്ടാര പൂമുഖത്തേക്കു വരണമെന്ന് രാജ്ഞിയെ അറിയിക്കാന്‍ രാജാവ് സേവകരെ അയച്ചു. പക്ഷേ, വാഷതി രാജ്ഞി വരില്ലെന്നു പറഞ്ഞ് സേവകരെ മടക്കിയയ്ക്കുകയാണു ചെയ്തത്. രാജ്ഞിയുടെ ധിക്കാരപരമായ മറുപടി കേട്ട് ചക്രവര്‍ത്തി കോപിഷ്ഠനായി. രാജാക്കന്മാരും പ്രഭുക്കളും അടക്കമുള്ള വിശിഷ്ടാതിഥികളും രാജ്ഞിയുടെ ധാര്‍ഷ്ട്യം കണ്ട് അമ്പരന്നു.

ചക്രവര്‍ത്തി പണ്ഡിതരടങ്ങിയ ഉപദേശക സമിതി വിളിച്ചുകൂട്ടി. ‘എന്റെ കല്‍പന രാജ്ഞി തന്നെ ധിക്കരിച്ചിരിക്കുന്നു. ആതിഥേയ മര്യാദ കാണിക്കാത്ത രാജ്ഞി ചക്രവര്‍ത്തിയെ മാത്രമല്ല അതിഥികളേയും അപമാനിച്ചിരിക്കുന്നു.’  ചക്രവര്‍ത്തി പണ്ഡിതരോടു പറഞ്ഞു.

‘രാജാക്കന്മാരും പ്രഭുക്കന്മാരും ഓരോ രാജ്യത്തിന്റെയും ജനങ്ങളുടെയും പ്രതിനിധികളാണ്. അതിനാല്‍ രാജ്ഞി യഥാര്‍ഥത്തില്‍ അപമാനിച്ചത് ലക്ഷക്കണക്കിനു ജനങ്ങളെയാണ്; ഈ സാമ്രാജ്യത്തെ ഒന്നാകെയാണ്. ഇതു പൊറുക്കാനാവില്ല. രാജ്ഞിയെ പുറത്താക്കണം’- പണ്ഡിതരുടെ വിധി ഇതായിരുന്നു. കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി എന്നാണല്ലോ ചൊല്ല്.

ചക്രവര്‍ത്തി ആ അഭിപ്രായം ശരിവച്ചു. അതിഥികള്‍ക്കു മുന്നില്‍വച്ചുതന്നെ വാഷതി രാജ്ഞിയെ ചക്രവര്‍ത്തി കൊട്ടാരത്തിനു പുറത്താക്കി.

‘രാജകല്പന അനുസരിക്കാത്തവരും ഭര്‍ത്താവിനെ ബഹുമാനിക്കാത്ത ഭാര്യമാരും ശിക്ഷാര്‍ഹരാണ്’- എന്ന രാജക ല്പനയും പുറത്തിറക്കി.

അതിഥികളെല്ലാം പിരിഞ്ഞു. കുറച്ചുനാള്‍ കഴിഞ്ഞപ്പോഴേക്കും കൊട്ടാര പരിചാരകര്‍ ചക്രവര്‍ത്തിക്കു പുതിയ രാജ്ഞിയെ കണ്ടെത്തുവാനുള്ള അന്വേഷണം തുടങ്ങി. എസ്‌തേര്‍ എന്ന സുന്ദരിയായ യുവതിയെയാണു ചക്രവര്‍ത്തിക്ക് ഇഷ്ടപ്പെട്ടത്.

പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന നബുക്കദ്നേസര്‍ ജറൂസലേം പിടിച്ചടക്കിയപ്പോള്‍ അടിമത്തടവുകാരാക്കി കൊണ്ടുവന്നവരിലെ മൊര്‍ദെക്കായ് എന്നയാളുടെ വളര്‍ത്തു പുത്രിയാണ് എസ്‌തേര്‍. മൊര്‍ദെക്കായുടെ ബന്ധുവായ എസ്‌തേറിന്റെ അച്ഛനും അമ്മയും നേരത്തെ മരിച്ചിരുന്നു. ഇക്കഥ ചക്രവര്‍ത്തി അറിഞ്ഞില്ല. ആരോടും അതു പറയേണ്ടെന്ന് മൊര്‍ദെക്കായ് എസ്‌തേറിനോടു ശട്ടംകെട്ടുകയും ചെയ്തു.

ആര്‍ഭാടപൂര്‍വം ചക്രവര്‍ത്തിയും എസ്‌തേറുമായുള്ള വിവാഹം നടന്നു. രാജ്ഞിയായ എസ്‌തേറിന്റെ നിര്‍ദേശപ്രകാരം അടിമയായ മൊര്‍ദെക്കായെ മോചിപ്പിക്കുകയും കൊട്ടാരത്തില്‍ താമസിപ്പിക്കുകയും ചെയ്തു. എന്നാല്‍ താനുമായുള്ള ബന്ധം അവള്‍ വെളിപ്പെടുത്തിയില്ല.

ഒരുദിവസം രാത്രി കൊട്ടാര വാതില്‍ക്കലൂടെ കടന്നുപോകുകയായിരുന്ന മൊര്‍ദെക്കായ് ചിലര്‍ അടക്കിപ്പിടിച്ചു സംസാരിക്കുന്നതു കേട്ടു. പന്തികേടു തോന്നിയ അയാള്‍ ഇരുട്ടില്‍ ഒളിഞ്ഞുനിന്ന് സംസാരം മുഴുവന്‍ കേട്ടു. ചക്രവര്‍ത്തിയെ കൊല്ലാനുള്ള ഗൂഢാലോചനയാണ്. ചക്രവര്‍ത്തിയുടെ കിടപ്പറയിലെ പരിചാരകരായ രണ്ടുപേരും ചില വാതില്‍കാവല്‍ക്കാരുമാണ് ഗൂഢാലോചനക്കാര്‍. ഉടനെ അയാള്‍ എസ്‌തേറിനെ വിവരമറിയിച്ചു. എസ്‌തേര്‍ ചക്രവര്‍ത്തിയോടു കാര്യം പറഞ്ഞു. ഉടനേ അദ്ദേഹം ഗൂഢാലോചനക്കാരെ പിടികൂടി ചോദ്യംചെയ്തു. കുറ്റക്കാരെന്നു, കണ്ട അവരെ തൂക്കിക്കൊല്ലുകയും ചെയ്തു.

കുറച്ചുകാലം കഴിഞ്ഞപ്പോഴേക്കും കൊട്ടാരത്തിലെ മന്ത്രിയും പ്രഭുവുമായ ഹാമാന് പ്രധാനമന്ത്രി പദവിയും പ്രഭു ക്കന്മാരുടെ അധ്യക്ഷസ്ഥാനവും ചക്രവര്‍ത്തി നല്‍കി. പരിചാരകര്‍ മുതല്‍ പ്രഭുക്കന്മാര്‍ വരെ ഹാമാനെ വണങ്ങി. എന്നാല്‍ യഹൂദനായ മൊര്‍ദെക്കായ് മാത്രം ഹാമാനെ വണങ്ങിയില്ല. മൊര്‍ദെക്കായുടെ ധിക്കാരം കണ്ട് ഹാമാന്‍ ക്രുദ്ധനായി.

അവനോടുള്ള ദേഷ്യം ഇരട്ടിച്ച് അവന്റെ യഹൂദവംശത്തോടും ഹാമാനു രോഷമായി. അവനെയും യഹൂദ വംശത്തെയും കൊന്നൊടുക്കണമെന്നു ഹമാന്‍ തീരുമാനിച്ചു. ഒരുദിവസം ഹാമാന്‍ ചക്രവര്‍ത്തിയെ മുഖംകാണിച്ച് പറഞ്ഞു:

‘പ്രഭോ! നമ്മുടെ ജനങ്ങള്‍ക്കിടയില്‍ തലതെറിച്ച ഒരു കൂട്ടരുണ്ട്. അവര്‍ രാജ കല്പന ധിക്കരിക്കുന്നു. അവരെ കൂട്ടത്തോടെ കൊല്ലാന്‍ അങ്ങ് അനുമതി തരണം’.

‘ആരാണത്?’

‘യഹൂദര്‍’

ചക്രവര്‍ത്തിയുടെ ജീവന്‍ രക്ഷിച്ച മൊര്‍ദെക്കായെ കൊല്ലണമെന്നു പറഞ്ഞാല്‍ ചക്രവര്‍ത്തി സമ്മതിച്ചെന്നുവരില്ല. അതുകൊണ്ടാണ് മൊര്‍ദെക്കായുടെ വംശത്തെ മുഴുവന്‍ കൊല്ലണമെന്ന് ഹാമാന്‍ പറഞ്ഞത്. ഇത രാജാവു മനസിലാക്കിയില്ല. ‘രാജദ്രോഹി’കളായ യഹൂദരെ കൊല്ലാന്‍ രാജാവ് അനുമതി നല്‍കി.

വിവരമറിഞ്ഞ് എസ്‌തേര്‍ അന്തഃപുരവാതില്‍ അടച്ചുപൂട്ടി അകത്തിരുന്ന് ഉപവസിച്ചു. മൂന്നുദിവസത്തെ ഉപവാസവും പ്രാര്‍ഥനയും പൂര്‍ത്തിയാക്കിയ അവള്‍ അണിഞ്ഞൊരുങ്ങി രാജസന്നിധിയിലെത്തി.

ചക്രവര്‍ത്തിക്കു മുന്നില്‍ എത്തിയപ്പോഴേക്കും അവള്‍ മോഹാലസ്യപ്പെട്ടു വീണു.

പരിഭ്രാന്തനായ ചക്രവര്‍ത്തി സിംഹാസനത്തില്‍നിന്ന് ചാടിയെഴുന്നേറ്റ് അവളെ താങ്ങിയെടുത്തു. മൂന്നു ദിവസം ജലപാനംപോലുമില്ലാതെ ഉപവസിച്ചിരുന്ന അവള്‍ വിളറി വെളുത്തിരുന്നു. പരിചാരകരും ഭിഷഗ്വരന്മാരും ഓടിയെത്തി എസ്‌തേര്‍ രാജ്ഞിയെ പരിചരിച്ചു. അല്പ്പം കഴിഞ്ഞപ്പോള്‍ അവള്‍ക്കു ബോധം തെളിഞ്ഞു.

‘എന്തിനാണു നീ ഉപവസിച്ചത്. ജലപാനംപോലുമില്ലാതെ ഉപവസിച്ചതു കൊണ്ട് നീ വളരെ ക്ഷീണിതയാണ്. നിനക്ക് എന്താണു വേണ്ടത്. എന്തും നിനക്കു ഞാന്‍ തരും. ഈ സാമ്ര്യാജ്യത്തിന്റെ പകുതിവരെ നിനക്കു സമ്മാനിക്കാന്‍ ഞാന്‍ തയാറാണ്’ ചക്രവര്‍ത്തി എസ്‌തേറിനെ സമാശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു. അവള്‍ നിശബ്ദയായി കിടക്കുകയാണ്. ചക്രവര്‍ത്തി വിട്ടില്ല- ‘പറയൂ, എന്താണു പ്രശ്‌നം?’

‘അങ്ങു ദൈവദൂതനെപ്പോലെയാണ്. അങ്ങ് എന്റെ അപേക്ഷ സ്വീകരിക്കണം. നാളെ ഞാനൊരുക്കുന്ന വിരുന്നില്‍ അങ്ങും ഹാമാനും പങ്കെടുക്കണം’- എസ്‌തേര്‍.

‘ഇതാണോ കാര്യം? ശരി; ഏറ്റിരിക്കുന്നു’ ചക്രവര്‍ത്തി പ്രതിവചിച്ചു.

പിറ്റേന്ന് ചക്രവര്‍ത്തിയും ഹാമാനും എസ്‌തേറിന്റെ വിരുന്നിനു വന്നു. ഹാമാനു ഗൗനിക്കാത്ത മൊര്‍ദെക്കായിനെക്കണ്ട് ദേഷ്യം തോന്നിയെങ്കിലും തത്ക്കാലം പ്രതികരിച്ചില്ല. വിരുന്നു കഴിഞ്ഞ് ചക്രവര്‍ത്തിയും ഹാമാനും മടങ്ങി. മൊര്‍ദെക്കായി തന്നെ വേണ്ടുവോളം ആദരിക്കുന്നില്ലെന്ന തോന്നല്‍ ദഹിക്കാതെ നീറുകയാണു ഹാമാന്റെ മനസില്‍.

വീട്ടിലെത്തിയ ഹാമാന്‍ ഭാര്യയോട് ഇതേപ്പറ്റി പറഞ്ഞു. പിറ്റേന്നു രാവിലെ തന്നെ മൊര്‍ദെക്കായിനെ തൂക്കിലിടണ മെന്നാണ് അവള്‍ ഉപദേശിച്ചത്. ഉടന്‍തന്നെ അയാള്‍ സ്വന്തം വീട്ടുമുറ്റത്ത് ഒരു കഴുമരം കെട്ടിയുണ്ടാക്കാന്‍ പരിചാരകര്‍ക്കു നിര്‍ദേശം നല്‍കി. രാജ്ഞിയുടെ വിരുന്നുണ്ട ആ രാത്രി ചക്രവര്‍ത്തിക്ക് ഉറങ്ങാനായില്ല. സമയം കളയാന്‍ എന്തുചെയ്യും. പഴയസംഭവങ്ങള്‍ രേഖപ്പെടുത്തിയ ദിനവൃത്താന്ത ഗ്രന്ഥം അദ്ദേഹം വായിച്ചുകേട്ടു. വധശ്രമത്തില്‍നിന്നു ചക്രവര്‍ത്തിയെ മൊര്‍ദെക്കായി രക്ഷിച്ച സംഭവമാണു വായിച്ചത്.

”എന്നെ രക്ഷിച്ചതിന് അയാള്‍ക്ക് എന്തു സമ്മാനമാണു നല്‍കിയത്?’- ചക്രവര്‍ത്തി വായനക്കാരനായ പരിചാരകനോടു ചോദിച്ചു.

‘ഒന്നും കൊടുത്തില്ല’ – മറുപടി. ‘ഛെ! മോശം. ഞാന്‍ ചെയ്തതു തെമ്മാടിത്തമായിപ്പോയി. നല്ല സമ്മാനം കൊടുക്കണം.’ ചക്രവര്‍ത്തി പിറുപിറുത്തു.

ഹാമാന്‍ വീട്ടുമുറ്റത്തു കഴുമരത്തിന്റെ പണി പൂര്‍ത്തിയാക്കി പുലരും മുമ്പേ കൊട്ടാരത്തിലെത്തി. മൊര്‍ദെക്കായിയെ തൂക്കിക്കൊല്ലാനുള്ള അനുമതി തേടാന്‍. അതേസമയം ചക്രവര്‍ത്തിയാകട്ടെ, മൊര്‍ദെക്കായിക്ക് എന്തു പാരിതോഷികം നല്‍കണമെന്ന ആലോചനയിലായിരുന്നു. ഹാമാനെ കണ്ടപാടേ അദ്ദേഹം ചോദിച്ചു:

”ഹാമാന്‍, നമുക്ക് ഏറ്റവും നല്ല ഉപകാരം ചെയ്തുതന്ന ഒരാള്‍ക്ക് എന്തു പാരിതോഷികമാണു നല്‍കേണ്ടത്?’

തനിക്കു പാരിതോഷികം താരാനായിരിക്കുമെന്നു കരുതി ഹാമാന്‍ ഒരു നിമിഷം ആലോചിച്ചു. പിന്നെ പറഞ്ഞു: ‘അങ്ങയുടെ രാജകീയ വസ്ത്രങ്ങളും കിരീടവും അണിയിച്ച് അങ്ങയുടെ കുതിരപ്പുറത്ത് അദ്ദേഹത്തെ കയറ്റിയിരുത്തി ഘോഷയാത്ര നടത്തണം.’

‘ശരി, അതുതന്നെയാകാം. താന്‍പോയി മൊര്‍ദെക്കായെ വിളിച്ചു കൊണ്ടുവരിക. ഘോഷയാത്രയ്ക്കുള്ള ഏര്‍പ്പാടു ചെയ്യുക. അയാളെ എന്റെ ഉടയാടകളും കിരീടവും ധരിപ്പിച്ച് നല്ലൊരു ഘോഷയാത്ര നടത്തുക’ – ചക്രവര്‍ത്തി കല്‍പ്പിച്ചു.

മൊര്‍ദെക്കായെ കൊല്ലാനുള്ള ഉത്തരവു വാങ്ങാന്‍ വന്ന അയാള്‍ ഇളിഭ്യനായി മടങ്ങി. രാജകല്പനയനുസരിച്ച് ഘോഷയാത്ര നടത്തി.

പിറ്റേന്ന് എസ്‌തേര്‍ രാജ്ഞി ചക്രവര്‍ത്തിയെയും ഹാമാനേയും വിരുന്നിനു ക്ഷണിച്ചു. വിരുന്നിനിടെ ചക്രവര്‍ത്തി രാജ്ഞിയോട് ആരാഞ്ഞു: ”നിനക്ക് എന്താണു വേണ്ടത്? എന്തും ചോദിക്കുക. രാജ്യത്തിന്റെ പകുതിവരെ ഞാന്‍ തരാന്‍ തയാറാണ്.’

‘അങ്ങ് എന്റെ ജീവന്‍ സുരക്ഷിതമാണെന്നു പ്രഖ്യാപിച്ചാല്‍ മാത്രം മതി. എന്നെയും എന്റെ വീട്ടുകാരെയും എന്റെ വംശത്തെയും കൊല്ലാന്‍ അങ്ങ് ഉത്തരവിട്ടിരിക്കുകയാണ്” അവള്‍ കണ്ണീരോടെ പറഞ്ഞു.

‘നിന്നെ കൊല്ലുകയോ? നീ രാജ്ഞിയാണ്. എനിക്കൊന്നും മനസിലാകുന്നില്ല’ – ചക്രവര്‍ത്തി.

”പ്രഭോ, എന്നെയും എന്റെ വംശത്തെയും കൊന്നൊടുക്കാന്‍ ഈയിരിക്കുന്ന ഹാമാനാണ് അങ്ങയെ ഉപദേശിച്ചത്. ഞാന്‍ യഹൂദവംശജയാണ്. ഇതറിഞ്ഞുകൊണ്ടാണ് ഹാമാന്റെ ഉപദേശം. അങ്ങ് ഇതൊന്നുമറിയാതെ ഉത്തരവിറക്കുകയും ചെയ്തു. അങ്ങേയ്ക്ക് ഇഷ്ടമുള്ളതു ചെയ്യുക’ – അപ്പോള്‍ എസ്‌തേര്‍ വിങ്ങിക്കരയുകയായിരുന്നു.

ചക്രവര്‍ത്തി അലറിക്കൊണ്ട് എഴുന്നേറ്റു. ഹാമാന്‍ ഭയന്നുവിറച്ചു. മുന്നില്‍ വെള്ളിത്തളികയിലെ വിശിഷ്ടവിഭവങ്ങളും സ്വര്‍ണചഷകത്തിലെ വീഞ്ഞും തന്നെ നോക്കി പല്ലിളിച്ചു കാട്ടുന്നതായി ഹാമാനു തോന്നി. ചക്രവര്‍ത്തി പുറത്തേക്കു മാറിനിന്നു. കോപം ജ്വലിക്കുകയാണ്.

ഹാമാന്‍ തന്റെ ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ഥനയുമായി വിരുന്നുമുറിയില്‍ എസ്‌തേറിന്റെ കാല്‍ക്കല്‍ വീഴാനൊരുങ്ങി. പുറത്തുനിന്ന ചക്രവര്‍ത്തി ഇതുകണ്ടു. ഹാമാന്‍ രാജ്ഞിയെ ആക്രമിക്കുകയാണെന്നു തെറ്റിദ്ധരിച്ച് അദ്ദേഹം ഊരിപ്പിടിച്ച വാളുമായി ഹാമാനെതിരേ ചാടിവീണു. പരിചാരകരും പടയാളികളും ഓടിക്കൂടി. അവര്‍ ഹാമാനെ ബന്ധനസ്ഥനാക്കി.

‘ഇവനെ തൂക്കിക്കൊല്ലണം. പറ്റിയ കഴുമരം എവിടെയുണ്ട്?’ – ചക്രവര്‍ത്തി ഗര്‍ജിച്ചു.

‘അവന്റെ വീട്ടുമുറ്റത്തുതന്നെയുണ്ട്, പ്രഭോ. മൊര്‍ദെക്കായെ തൂക്കിക്കൊല്ലാന്‍ ഹാമാന്‍ ഇന്നലെ രാത്രി ഉണ്ടാക്കിയ തൂക്കുമരമാണത്.’ ഒരു പരിചാരകന്‍ മറുപടി നല്‍കി.

”അവിടെത്തന്നെയാകട്ടെ അവന്റെ അന്ത്യം.’ ചക്രവര്‍ത്തി കല്‍പിച്ചു. ചക്രവര്‍ത്തിയുടെയും വലിയൊരു ജനക്കൂട്ടത്തിന്റെയും സാന്നിധ്യത്തില്‍ ഹാമാനെ സ്വന്തം വീട്ടുമുറ്റത്ത് തൂക്കിക്കൊന്നു. വംശഹത്യക്കുള്ള രാജകല്പന അന്നുതന്നെ പിന്‍വലിക്കുകയും ചെയ്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *