Untitled design 20250404 191858 0000

 

ഹൈന്ദവവിശ്വാസപ്രകാരം ശ്രീരാമന്റെ അനുജനായ ഭരതന്റെ ‍ (സംഗമേശ്വരൻ‍) പ്രതിഷ്ഠയുള്ള ഇന്ത്യയിലെ അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണ് കൂടൽമാണിക്യം ക്ഷേത്രം……!!!!

സുന്ദരമായ ഈ പുരാതനക്ഷേത്രം സ്ഥിതിചെയ്യുന്നത് കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുടയിലാണ്. ക്ഷേത്രത്തിനുള്ളിൽ ഉപദേവതാപ്രതിഷ്ഠകളില്ല എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ക്ഷേത്രത്തിനുള്ളിൽ മറ്റു മഹാക്ഷേത്രങ്ങളെ പോലെ കൂത്തമ്പലമുണ്ട്. മധ്യകേരളത്തിലെ പ്രസിദ്ധങ്ങളായ നാലമ്പലങ്ങളിൽ രണ്ടാമത്തേത് ഈ ക്ഷേത്രമാണ്. തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണപ്പെരുമാൾ ക്ഷേത്രം, പായമ്മൽ ശത്രുഘ്നസ്വാമിക്ഷേത്രം എന്നിവയാണ് മറ്റുള്ളവ.

 

രാമായണമാസമായ കർക്കടകത്തിൽ ഉച്ചയ്ക്കുമുമ്പ് ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തിവരുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. മേടമാസത്തിൽ ഉത്രം നാളിൽ കൊടികയറി തിരുവോണം നാളിൽ ആറാട്ട് വരത്തക്ക വിധത്തിൽ പതിനൊന്നുദിവസത്തെ കൊടിയേറ്റുത്സവവും തുലാമാസത്തിലെ തിരുവോണം നാളിലെ തൃപ്പുത്തരിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കേരള സർക്കാർ ഉടമസ്ഥതയിലുള്ള പ്രത്യേകമായ ഒരു ദേവസ്വമാണ് ക്ഷേത്രഭരണം നടത്തുന്നത്.

ഈ ക്ഷേത്രത്തിൻറെ ‘മാണിക്യം’ എന്ന വിശേഷണം വിഷ്ണു നിന്നോ ശിവനിൽ നിന്നോ വന്നതായിരിക്കാം. ജൈനസംന്യാസിമാരെ മാണിക്കൻ എന്ന സംജ്ഞ ചേർത്ത് വിളിച്ചിരുന്നു.കൂടൽ എന്നത് പണ്ട് കാലത്ത് രണ്ടു നദികൾ സംഗമിച്ചിരുന്നിടമായതിനാൽ വന്നതാകാം എന്നും കരുതുന്നു. കൂടക്കല്ലിന്റെ ലോപമാണ്‌ എന്നും ഒരഭിപ്രായമുണ്ട്. അക്കാലത്ത് ഹിന്ദു സന്യാസിമാർ കൂടിച്ചേർന്നിരുന്ന സംഗമസ്ഥാനമായതിനാലാണ്‌ എന്നും അതല്ല ജൈനമതവും ഒത്ത് ചേർന്നിരുന്ന സ്ഥലമായതിനാലാണ്‌ കൂടൽ എന്നും വിഭിന്ന അഭിപ്രായങ്ങൾ ഉണ്ട്.

ദ്വാരക സമുദ്രത്തിൽ മുങ്ങിതാണുപോയപ്പോൾ ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്ന ദാശരഥി (ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ) വിഗ്രഹങ്ങൾ സമുദ്രത്തിൽ ഒഴുകിനടക്കുവാൻ തുടങ്ങി.[അവലംബം ആവശ്യമാണ്] പൊന്നാനി താലൂക്കിലെ നാട്ടുപ്രമാണിമാരായ വാക്കയിൽ കൈമൾക്ക് സമുദ്രത്തിൽ നാല് ചതുർബാഹു വിഗ്രഹങ്ങൾ ഒഴുകിനടക്കുന്നുണ്ടെന്ന് സ്വപ്നദർശനമുണ്ടായി.

പിറ്റേ ദിവസം സമുദ്രത്തീരത്തുനിന്നും മുക്കുവൻമാർ വഴി ഈ വിഗ്രഹങ്ങൾ കൈമളുടെ അധീനതയിൽ ലഭിച്ചുവത്രെ.അദ്ദേഹം ജ്യോതിഷികളുമായി ആലോചിച്ച് തീവ്രാനദിക്കരയിൽ ശ്രീരാമക്ഷേത്രവും(തൃപ്രയാർ ശ്രീരാമക്ഷേത്രം),കുലീപിനിതീർത്ഥകരയിൽ ഭരതക്ഷേത്രവും (ശ്രീ കൂടൽമാണിക്യസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട), പൂർണ്ണാനദിക്കരയിൽ ലക്ഷ്മണക്ഷേത്രവും( തിരുമൂഴിക്കുളം ശ്രീലക്ഷ്മണപ്പെരുമാൾ ക്ഷേത്രം ) ഭരതക്ഷേത്രത്തിന് സമീപമായി ശത്രുഘ്നക്ഷേത്രം (പായമ്മൽ ശത്രുഘ്ന ക്ഷേത്രം)എന്നീക്രമത്തിൽ ക്ഷേത്രനിർമ്മാണത്തിനായി സ്ഥലങ്ങൾ തെരഞ്ഞെടുത്തു, പ്രതിഷ്ഠ നടത്തി.

 

സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഇരിങ്ങാലക്കുട ഗ്രാമം പ്രകൃതിക്ഷോഭത്തിന്റെ കേന്ദ്രമായിരുന്നു എന്നും ആ കാലഘട്ടത്തിൽ കുലീപനി എന്ന മഹർഷി കുറേക്കാലം ഇവിടെ വസിച്ച് യാഗാദികർമ്മങ്ങൾ നിർവഹിച്ചു എന്നും പറയപ്പെടുന്നു. മഹർഷിയുടെ യാഗം ഈ പ്രദേശത്തെ ധന്യമാക്കി എന്നാണ് വിശ്വാസം. അന്നുപയോഗിച്ച ഹോമകുണ്ഠങ്ങളിൽ ഒന്നാണ്‌ കുലിപനിതീർത്ഥങ്ങളിൽ ഇന്നും കാണുന്നത് എന്നും വിശ്വസിക്കുന്നു. 1996-ൽ തീർത്ഥക്കുളം വൃത്തിയാക്കുന്നതിനിടയിൽ കിട്ടിയ ഹോമകുണ്ഡത്തിന്റെ അവശിഷ്ടം ഇതിന്റെ തെളിവായി. ദിവ്യനദികളുടെ സാന്നിദ്ധ്യം ഈ തീർത്ഥക്കുളത്തിൽ ഉണ്ട് എന്നാൺ വിശ്വാസം.

യജ്ഞത്തിന്റെ അവസാനം ഭഗവാന്റെ ശാശ്വത സാന്നിദ്ധ്യമാണ് മഹർഷി വരമായി ആവശ്യപ്പെട്ടത്. മഹർഷിയുടെ അപേക്ഷപ്രകാരം യാഗം നടന്ന സ്ഥലത്ത് നിത്യസാന്നിദ്ധ്യം ചെയ്തു കൊള്ളാമെന്ന് വിഷ്ണുഭഗവാൻ അരുളിചെയ്ത് അനുഗ്രഹിച്ചു. ഗംഗ,യമുന,സരസ്വതി എന്ന പുണ്യനദികളെ അവിടേക്ക് വരുത്തി “കുലീപിനി“ എന്ന പേരിൽ ഒരു തീർത്ഥം സൃഷ്ടിച്ചു. പിന്നീട് കുറേക്കാലം കഴിഞ്ഞതിനു ശേഷമാണ് ഇവിടെ ക്ഷേത്രനിർമ്മാണവും പ്രതിഷ്ഠയുമുണ്ടായത് എന്നാണ് വിശ്വാസം.

 

ക്ഷേത്രത്തിന്റെ ആദ്യകാല ചരിത്രം അജ്ഞാതമാണ്‌. ക്ഷേത്രം ദേവസ്വം വക രേഖ രണ്ടു പ്രാവശ്യം നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കാണപ്പെടുന്ന ഗ്രന്ഥവരി ശക്തൻ തമ്പുരാന്റെ കാലത്ത് എഴുതി സൂക്ഷിച്ചവയാണ്‌. അതിനു അധികം പഴക്കമില്ല. അതിനുശേഷമുള്ള ഗ്രന്ഥവരികൾ മനോധർമ്മം പോലെ എഴുതിച്ചേർത്തതും വസ്തുതകൾക്ക് നിരക്കാത്തതുമാണ്‌ എന്നാണ്‌ ചരിത്രകാരന്മാർ കരുതുന്നത്.

മഹാവിഷ്ണുവിന്റെ അംശാവതാരവും ശ്രീരാമന്റെ സഹോദരനുമായ ഭരതനാണ്‌ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഇവിടെ ഉപദേവതകളില്ല. വിഗ്രഹത്തിന് ഏകദേശം ഒരാൾ പൊക്കമുണ്ട്‌. ചതുർബാഹുവാണ്‌. കോദണ്ഡവും അഭയമുദ്രയും ചക്രവും ശംഖും ധരിച്ചിരിക്കുന്നു. കിരീടവും കുറച്ച്‌ ആഭരണങ്ങളും ധരിച്ച്‌ കനത്തിൽ വലിയൊരു പുഷ്പമാല ചാർത്തിയിരിക്കുന്നു. അത്‌ കിരീടത്തിന്റെ മുകളിലൂടെ രണ്ട്‌ വശത്തേക്കുമായി പാദം വരെ നീണ്ടുകിടക്കുന്നു. കിഴക്കോട്ടാണ് ദർശനം. ക്ഷേത്രത്തിൽ ഉപദേവതകളില്ല. എന്നാൽ, തിടപ്പള്ളിയിൽ ഹനുമാനും, വാതിൽമാടത്തിൽ തെക്കും വടക്കും ദുർഗ്ഗയും ഭദ്രകാളിയും ഉണ്ടെന്നാണ്‌ സങ്കല്പം. കൂടാതെ, ക്ഷേത്രത്തിനുമുന്നിലെ ആൽത്തറയിൽ ഗണപതിയ്ക്കും പ്രതിഷ്ഠയുണ്ട്.

നാലമ്പലവും ബലിക്കൽപ്പുരയും രണ്ട്‌ നിലയിലുള്ള വൃത്താകാരത്തിലുള്ള ശ്രീകോവിലും മണ്ഡപവുമെല്ലാം സാമാന്യം വലുതാണ്‌. ശ്രീകോവിലിന്റെ ഭിത്തികളിൽ കലാചാതുരിയോടെയുള്ള ധാരാളം ശില്പങ്ങളുമുണ്ട്‌. ശീവേലിപ്പന്തൽ വളരെ വലുതാണ്. ബലിക്കൽപ്പുരയും വലിയമ്പലവും എല്ലാം ചെമ്പുമേഞ്ഞവയാണ്‌.

 

നളചരിതം ആട്ടകഥയിലൂടെ കേരളഭാഷാസാഹിത്യത്തിൽ അനശ്വരപ്രതിഷ്ഠ നേടിയ ഉണ്ണായിവാര്യർ കൂടൽമാണിക്യസ്വാമിയുടെ ഒരുത്തമഭക്തനായിരുന്നു. ക്ഷേത്രത്തിൻറെ തെക്കേഗോപുരത്തിനു സമീപത്തുള്ള അകത്തൂട്ട് വാര്യത്താണദ്ദേഹത്തിൻറെ ജനനം. ദേവനു മാലക്കെട്ടൽ അകത്തൂട്ട് വാരിയത്തെക്കായതിനാൽ ബാല്യകാലം മുതൽ ഭഗവാനെ സേവിക്കാൻ ഉണ്ണായിവര്യർക്ക് സാധിച്ചു.

 

ദിവസേന താമര, തുളസി, തെച്ചി എന്നീ പുഷ്പങ്ങൾകൊണ്ട് മാലകെട്ടി സംഗമേശന് സമർപ്പിച്ചിരുന്ന അദ്ദേഹത്തിനു സ്തോത്രരൂപത്തിലുള്ള ഒരു മാല ഭഗവാൻ സമർപ്പിക്കണമെന്ന് ഒരാഗ്രഹം തോന്നി. അതിൻറെ ഫലമാണ് സ്തോത്രകാവ്യമായ “ശ്രീരാമപഞ്ചശതി”. ശ്രീ സംഗമേശനെ അഭിസംബോധന ചെയ്ത്കൊണ്ട്,അമ്പത് ദശകങ്ങളിലൂടെ,അഞ്ഞൂറ്റിമുപ്പത്തിനാലു ശ്ലോകങ്ങളെകൊണ്ട് സ്തുതിക്കുന്ന അതിമനോഹരമായ സ്തോത്രകാവ്യമാണിത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *