ന്യൂസീലന്‍ഡിനു മുന്നില്‍ ഇന്ത്യയ്ക്ക് പരമ്പര തോല്‍വി. 113 റണ്‍സിനാണ് പുണെ ടെസ്റ്റില്‍ ഇന്ത്യ അടിയറവ് പറഞ്ഞത്. രണ്ടാം ഇന്നിങ്‌സില്‍ കിവീസ് ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 245 റണ്‍സിന് പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ ഏഴു വിക്കറ്റ് വീഴ്ത്തിയതിനു പിന്നാലെ രണ്ടാം ഇന്നിങ്‌സിലും ആറു വിക്കറ്റ് നേടിയ മിച്ചല്‍ സാന്റ്‌നറാണ് ഇന്ത്യയെ തകര്‍ത്തത്. താരത്തിന്റെ ടെസ്റ്റ് കരിയറിലെ ആദ്യ 10 വിക്കറ്റ് നേട്ടമാണിത്. ന്യൂസീലന്‍ഡിന്റെ ഇന്ത്യന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്. ഇതുവരെ കളിച്ച 13 ടെസ്റ്റ് പരമ്പരകളില്‍ 10-ലും ഇന്ത്യയ്ക്കായിരുന്നു ജയം. രണ്ട് പരമ്പരകള്‍ സമനിലയിലായപ്പോള്‍ ഇത്തവണ കിവീസ് ജയം സ്വന്തമാക്കി.