കവിയൂർ പൊന്നമ്മയ്ക്ക് യാത്രാമൊഴി നൽകി കേരളം.സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികളോടെ ആലുവ കരുമാലൂരിലെ വീട്ടുവളപ്പില്‍ ആയിരുന്നു സംസ്കാര ചടങ്ങുകൾ. സൂപ്പർ താരങ്ങളടക്കം മലയാള സിനിമയിലെ പ്രമുഖരുടെ വലിയ നിരയാണ് പൊതുദർശനത്തിലും സംസ്കാര ചടങ്ങിലും പങ്കെടുത്തത്.പൊന്നമ്മയ്ക്ക് ഏറെ ഇഷ്ടമായിരുന്ന ആലുവ കരുമാലൂരിലെ ശ്രീപീഠം വീടിൻ്റെ വളപ്പിലായിരുന്നു അന്ത്യ യാത്രയ്ക്കായി ചിതയൊരുക്കിയത്.
രാവിലെ എറണാകുളം കളമശ്ശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ച പൊന്നമ്മയുടെ ഭൗതിക ശരീരത്തിൽ അന്ത്യാഞ്ജലികൾ അർപ്പിക്കാൻ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള താരനിര എത്തി. ഇന്നലെ വൈകിട്ട് ആയിരുന്നു കവിയൂര്‍ പൊന്നമ്മയുടെ വിയോഗം. 79 വയസായിരുന്നു.സംസ്ഥാന സർക്കാരിനെ പ്രതിനിധികരിച്ച് മന്ത്രി പി രാജീവ് റീത്ത് അന്ത്യാഞ്ജലി അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കളമശ്ശേരിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. മൂന്ന് മണിക്കൂറോളം നീണ്ട പൊതുദർശനത്തിനുശേഷം മൃതദേഹം ആലുവ കരുമാലൂരിലെ പൊന്നമ്മയുടെ വീട്ടിലേക്ക് കൊണ്ടുപോയി. വൈകിട്ട് നാല് മണിയോടെ വിട്ടുവളപ്പിൽ വെച്ച് ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.