റൊമാന്റിക്- കോമഡി ഴോണറില്‍ പുറത്തിറങ്ങി ഗംഭീര പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുന്ന ‘പ്രേമലു’വിന് ശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് ഭാവന സ്റ്റുഡിയോസ്. ഫഹദ് ഫാസില്‍ ടൈറ്റില്‍ കഥാപാത്രമായെത്തുന്ന ‘കരാട്ടെ ചന്ദ്രന്‍’ ആണ് ഭാവന സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ ചിത്രം. മഹേഷിന്റെ പ്രതികാരത്തില്‍ സംവിധായകന്‍ ദിലീഷ് പോത്തന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരിലൊരാളായിരുന്ന റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുക്കളുമായ എസ്. ഹരീഷും വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.