വിഷുവുമായി ബന്ധമുള്ള ഒന്നാണ് കണിക്കൊന്ന….!!!!
കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണികൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ സംസ്ഥാന പുഷ്പവും. അതിർത്തി പ്രദേശങ്ങളിലും ഈ മരം കാണപ്പെടുന്നുണ്ട്. വിഷുവിനായി നാട് ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും.
വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്. എന്നാൽ മറ്റൊരു ഉപകാരവുമില്ലാത്ത ഈ മരം വിഷുക്കാലത്ത് പൂത്തിരുന്നതിനാലാവാം ഈ പൂവും വിഷുച്ചടങ്ങുകളുമായി ബന്ധപ്പെടുന്നത് എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു.
വിഷുവിനോട് അനുബന്ധിച്ച് അനവധി ആചാരങ്ങൾ കൃഷിയേ സംബന്ധിച്ച് നിലനിൽക്കുന്നു. ചാലിടീൽ കർമ്മം, കൈക്കോട്ടുചാൽ, വിഷുക്കരിക്കൽ, വിഷുവേല, വിഷുവെടുക്കൽ, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്.
വിഷുസദ്യയ്ക്ക് മുൻപായി നടത്തുന്ന ഒരു ആചാരമാണിത്. വിഷു ദിവസം ആദ്യമായി നിലം ഉഴുതുമറിച്ച് വിത്ത് ഇടുന്നതിന് ചാലിടീൽ എന്നു പറയുന്നു. കന്നുകാലികളെ കുളിപ്പിച്ച് കുറി തൊട്ട് കൊന്നപ്പൂങ്കുലകൾ കൊണ്ട് അലങ്കരിച്ച് കൃഷി സ്ഥലത്ത് എത്തിക്കുന്നു. പുതിയ വസ്ത്രം നിർബന്ധമില്ലെങ്കിലും കാർഷികോപകരണങ്ങൾ എല്ലാം പുതിയവ ആയിരിക്കും ഉപയോഗിക്കുക. അത് കന്നുകാലികളെ പൂട്ടി നിലം ഉഴുതുമറിക്കുന്നു. അതിനുശേഷം ചാലുകളിൽ അവിൽ, മലർ, ഓട്ടട എന്നിവ നേദിക്കുന്ന ചടങ്ങാണിത്.
വിഷു സദ്യയ്ക്ക് ശേഷം നടത്തുന്ന ഒരു ആചാരമാണിത്. പുതിയകൈക്കോട്ടിനെ കഴുകി; കുറി തൊടുവിച്ച് കൊന്നപ്പൂക്കൾ കൊണ്ട് അലങ്കരിക്കുന്നു. അങ്ങനെ അണിയിച്ചൊരുക്കിയ കൈക്കോട്ട്;വീടിന്റെ കിഴക്ക്കു പടിഞ്ഞാറു ഭാഗത്ത് വഴ്ഴ് പൂജിക്കയും അതിനുശേഷം കുറച്ചു സ്ഥലത്ത് കൊത്തികിളയ്ക്കുന്നു. അങ്ങനെ കൊത്തിക്കിളച്ചതിൽ കുഴിയെടുത്ത് അതിൽ നവധാന്യങ്ങൾ, പച്ചക്കറി വിത്തുകൾ എന്നിവ ഒരുമിച്ച് നടുന്നു. പാടങ്ങളിൽ കൃഷി ഇറക്കിക്കഴിഞ്ഞ കർഷകർ പറമ്പു കൃഷിയിലും തുടക്കമിടുന്നു എന്നു വരുത്തുന്നതിനാണ് ഈ ആചാരം നടത്തുന്നത്.
ചേരാനെല്ലൂരിൽ നടക്കുന്ന ഏകദിനവ്യാപാരം വിഷുമാറ്റം എന്നാണ് അറിയപ്പെടുന്നത്. നാണയസമ്പ്രദായം നടപ്പിലാവുന്നതിനു മുന്നേ തന്നെ നടന്നു വന്ന ഈ രീതിക്ക് സംഘകാലത്തോളം പഴക്കമുണ്ട്. അടുത്തുള്ള ചേന്ദമംഗലത്തും ഏലൂരിലും സമാനമായ ആഘോഷം വിഷുനാളിൽ നടത്തപ്പെടുന്നുണ്ട്. കാർഷികവിളകളും കൈകൊണ്ടുണ്ടാക്കുന്ന ഉപഭോഗവസ്തുക്കളുമാണ് ഈ മാറ്റത്തിൽ മുഖ്യമായും പങ്ക് കൊള്ളുന്നത്.
വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത് സാർവത്രികമായിരുന്നു. പണിക്കർ (കണിയാൻ) വീടുകളിൽ വന്ന് വിഷുഫലം ഗണിച്ച് പറയുന്നരീതിയാണിത്. ആ വർഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച് കേൾപ്പിക്കും.
വിഷു സംക്രാന്തി നാളിലാണ് പണിക്കർ വരുന്നത്. അവർക്ക് ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ “യാവന” എന്നാണ് പറയുക.വിഷു ഫലം സൂര്യൻ മേട രാശിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു വർഷത്തെ ഗ്രഹങ്ങളുടെ ഗതിവിഗതികൾ അടിസ്ഥാനമാക്കി വിഷുഫലം പ്രവചിക്കുന്ന രീതി പുരാതന കാലം മുതൽ നില നിന്നിരുന്നു.