എമ്മാ ഗ്ലോബല്‍ ഗ്രൂപ്പ് ക്രീയേഷന്‍സ് നിര്‍മ്മിച്ച് ജിജോ സെബാസ്റ്റ്യന്‍ കഥയും, തിരക്കഥയും എഴുതി സംവിധാനം ചെയ്ത ‘ജെറിയുടെ ആണ്‍മക്കള്‍’ എന്ന മലയാള സിനിമ റിലീസിങ്ങിന് ഒരുങ്ങുന്നു. പ്രവാസി എന്‍ജിനീയറായ ജെറി ഏറെ കാലങ്ങള്‍ക്കുശേഷം അവധിക്ക് നാട്ടില്‍ വരുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കെവിന്‍, ഇവാന്‍ എന്ന രണ്ട് ആണ്‍കുട്ടികളില്‍ നിന്നും, ക്ലാര എന്ന ഭാര്യയില്‍ നിന്നും നേരിടേണ്ടി വരുന്ന അപരിചിതത്വമാണ് സിനിമയുടെ കഥാതന്തു. കാരണം തേടുന്ന ജെറി, ഒടുവില്‍ ആ നിഗൂഢമായ രഹസ്യമറിയുന്നു. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായ ജെറിയുടെ വേഷത്തില്‍ ഡോ. സുരേഷ് പ്രേമും, ക്ലാരയുടെ വേഷത്തില്‍ ഐശ്വര്യ നമ്പ്യാരും വേഷമിടുന്നു, കൂടാതെ നോബി, അജിത്ത് കൂത്താട്ടുകുളം, ബിജു കലാവേദി, ജിഷിന്‍, ഷൈലജ പി. അംബു, നീതു ശിവ തുടങ്ങിയ ഇഷ്ട താരങ്ങള്‍ക്കൊപ്പം മാസ്റ്റര്‍ കെവിന്‍, മാസ്റ്റര്‍ ഇവാന്‍ എന്നി പുതുമുഖങ്ങളും പ്രധാന വേഷത്തില്‍ എത്തുന്നു.