ജാവ യെസ്ഡി മോട്ടോര്‍ സൈക്കിള്‍സ് തങ്ങളുടെ ഫ്‌ലാഗ്ഷിപ് മോഡലായ ജാവ പെറാക്കിനെ പുതിയ സ്റ്റെല്‍ത്ത് ഡ്യുവല്‍-ടോണ്‍ പെയിന്റ് സ്‌ക്കീമില്‍ അവതരിപ്പിച്ചു. റൈഡിങ് അനുഭവങ്ങള്‍ മെച്ചപ്പെടുത്തിയും റൈഡിങ് പ്രേമികള്‍ക്ക് കൂടുതല്‍ ലഭ്യമാക്കിയും 2.09 ലക്ഷം രൂപ മുതലുള്ള (ഡല്‍ഹി എക്‌സ് ഷോറൂം) വിലയിലാണ് ജാവ 42 ബോബര്‍ അവതരിപ്പിച്ചിരിക്കുന്നത്. ജാവ പെറാക്കിന്റെ ഡല്‍ഹിയിലെ എക്‌സ്-ഷോറൂം വില 2,13,187 രൂപയാണ്. ജാവ 42 ബോബറിന്റെ വിവിധ വേരിയന്റുകളുടെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 2,09,500 മുതല്‍ 2,29,500 രൂപ വരെയാണ്. അതേസമയം ജാവ, യെസ്ഡി മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിക്കുന്ന മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കീഴിലുള്ള പ്രീമിയം ടൂവീലര്‍ ബ്രാന്‍ഡായ ക്ലാസിക് ലെജന്‍ഡ്സ് ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ വിപുലീകരിക്കാന്‍ ഒരുങ്ങുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏപ്രില്‍, മെയ് മാസങ്ങളിലും 2024 ലെ ഉത്സവ സീസണിലും മൂന്നോളം പുതിയ മോഡലുകള്‍ അനാച്ഛാദനം ചെയ്യാനുള്ള പദ്ധതികള്‍ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, യൂറോപ്പിലെ കയറ്റുമതി അവസരങ്ങള്‍ പരിശോധിക്കാനും തായ്ലന്‍ഡ്, മലേഷ്യ, വിയറ്റ്നാം എന്നിവയുള്‍പ്പെടെ ആസിയാന്‍ രാജ്യങ്ങളിലെ വിപണികളില്‍ പ്രവേശിക്കാനുമുള്ള പദ്ധതികളോടെ ക്ലാസിക് ലെജന്‍ഡ്സ് ആഗോള വിപുലീകരണത്തിനുള്ള നീക്കത്തിലുമാണ്.