2024ന്റെ ആദ്യ മാസമായ ജനുവരിയിലെ ജിഎസ്ടി വരുമാന കണക്കുകള്‍ പുറത്തുവിട്ട് ധനമന്ത്രാലയം. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ജനുവരിയിലെ ജിഎസ്ടി വരുമാനം 1.72 ലക്ഷം കോടി രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. ജിഎസ്ടി നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വരുമാനം കൂടിയാണിത്. 2023 ജനുവരി മാസത്തെ വരുമാനക്കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി 10.4 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തുടര്‍ച്ചയായ എട്ടാം തവണയാണ് ജിഎസ്ടി വരുമാനം 1.6 ലക്ഷം കോടി രൂപ പിന്നിടുന്നത്. കൂടാതെ, മൂന്ന് തവണ 1.70 ലക്ഷം കോടി കവിഞ്ഞിട്ടുണ്ട്. കേന്ദ്ര ബഡ്ജറ്റ് ഇന്ന് അവതരിപ്പിക്കുന്നതിനാല്‍ ഒരു ദിവസം മുന്‍പാണ് ധനമന്ത്രാലയം ജിഎസ്ടി കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്നലെ വൈകുന്നേരം അഞ്ച് മണി വരെയുള്ള കണക്കനുസരിച്ച് 1,72,129 കോടി രൂപയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചിരിക്കുന്നത്. ഇന്നലത്തെ മുഴുവന്‍ കണക്കുകള്‍ കൂടി പരിഗണിക്കുമ്പോള്‍ ഈ വരുമാനം വീണ്ടും ഉയരുന്നതാണ്. 2023 ഡിസംബറില്‍ 1.64 ലക്ഷം കോടി രൂപയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചത്. അതേസമയം, നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള 10 മാസക്കാലയളവില്‍ 16.69 ലക്ഷം കോടി രൂപയാണ് ജിഎസ്ടിയായി ലഭിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തെ 14.96 ലക്ഷം കോടിയേക്കാള്‍ ഇക്കുറി 11.6 ശതമാനത്തിന്റെ വരുമാന വളര്‍ച്ച നേടാന്‍ കഴിഞ്ഞിട്ടുണ്ട്.