കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റുകേസിൽ-കുട്ടിയുടെ അമ്മ നിലവിൽ വിദേശത്താണെന്നും ഇടനിലക്കാരൻ മുഖേനയാണ് തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കുഞ്ഞിനെ ജനിച്ചയുടനെ കൈമാറിയതെന്നും വ്യക്തമായി.അവിവാഹിതയായ യുവതിയ്ക്ക് ജനിച്ച കുട്ടിയെ സംരക്ഷിക്കാൻ ബന്ധുക്കൾക്ക് താൽപര്യമുണ്ടായിരുന്നില്ല. ഇക്കാര്യമറിഞ്ഞ തൃപ്പൂണിത്തുറ ദമ്പതികളുടെ ഗായകനായ സൃഹൃത്താണ് ഇടനിലക്കാരനായത്. തുടർന്ന് പ്രതി അനിൽ കുമാറിന്‍റെ കൂടി അറിവോടെയാണ് കുട്ടിയെ കൈമാറിയത്. ഈ ഇടപാടിൽ ആശുപത്രിയിലെ റെക്കാർഡ്സ് വിഭാഗത്തിലെ ചില ജീവനക്കാരെ കൂടി പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ നഗരസഭാ താൽക്കാലിക ജീവനക്കാരി പൊലീസിനെ സമീപിച്ചിട്ടുണ്ട്. കളമശേരി മെഡിക്കൽ കോളജിലെ ഇക്കഴിഞ്ഞ ജനുവരി 31 ലെ സിസിടിവി ദൃശ്യമാണ് പുറത്ത് വന്നത്. എന്നാൽ കഴിഞ്ഞ ഒക്ടോബർ ആദ്യവാരം മുതൽ തന്നെ ജനന സർട്ടിഫിക്കറ്റിനായി തൃപ്പൂണിത്തുറ ദമ്പതികൾ ശ്രമം തുടങ്ങിയെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. പൊലീസ് അന്വേഷണം ശക്തമാക്കി.