2024 ൻ്റെ ദുഃഖമായിരുന്നു വയനാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമാനതകളില്ലാത്ത ദുരന്തം ആണ് ഉണ്ടായതെന്നും ഏറ്റവും വേഗം പുനരധിവാസം നടപ്പാക്കാനാണ് ശ്രമിച്ചത് സമഗ്രവും സുതാര്യവുമായ സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സമയബന്ധിതമായി പദ്ധതി നടപ്പാക്കൽ ഉറപ്പാക്കുമെന്നും വീട് വച്ച് നൽകൽ മാത്രമല്ല ഉപജീവന ചുറ്റുപാട് അടക്കമാണ് പുനരധിവാസം നടപ്പിലാക്കുക. സന്നദ്ധരായ എല്ലാവരേയും കൂടെ കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് പുനരധിവാസത്തിൻ്റെ ഭാഗമായി രണ്ട് എസ്റ്റേറ്റുകളിലായി മോഡൽ ടൗൺഷിപ്പ് നിർമ്മിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കൽപ്പറ്റയിലെ എസ്റ്റേറ്റിൽ അഞ്ച് സെന്റിലായിരിക്കും വീട് നിർമാണം. റോഡ്- അടിസ്ഥാന സൗകര്യങ്ങളെല്ലാം നടപ്പാക്കും. നെടുമ്പാലയിലെ ടൗൺഷിപ്പിൽ 10 സെന്റിലെ വീടുകളായിരിക്കുമെന്നും ഭാവിയിൽ മുകളിൽ നില കെട്ടാവുന്ന വിധത്തിലുള്ള വീടുകളാവുമെന്നും ചീഫ് സെക്രട്ടറി ശാദരാ മുരളീധരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.