മഴക്കാലത്തു കൂടുതല്‍ അപകടകാരിയായി വായുവിലൂടെ പകരുന്ന ഇന്‍ഫ്ലുവന്‍സ വൈറസ്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഇന്‍ഫ്ലുവന്‍സ ബാധിച്ച 604 പേരില്‍ 10 പേര് മരിച്ചു. എച്ച്1 എന്‍1, എച്ച്3 എന്‍2 വിഭാഗങ്ങളില്‍പ്പെട്ട വൈറസാണ് കൂടുതല്‍പ്പേരെയും ബാധിച്ചത്. മഴക്കാലത്ത് സാമൂഹിക അകലം പാലിക്കാത്തതും മുഖാവരണം ധരിക്കാത്തതുമാണ് രോഗവ്യാപനത്തിനു പ്രധാനകാരണം. കാലാവസ്ഥയിലുണ്ടായ മാറ്റത്തിനൊപ്പം വൈറസുകള്‍ക്ക് ജനിതകവ്യതിയാനം വന്നതും രോഗം പടരാനിടയാക്കി. ഈ വര്‍ഷം ഇന്‍ഫ്ലുവന്‍സ പിടിപെട്ട 6,650 പേരില്‍ 77 പേര്‍ക്ക് സംസ്ഥാനത്ത് ജീവന് നഷ്ടപ്പെട്ടു. ഇതോടെ ആരോഗ്യവകുപ്പിന്റെ പകര്‍ച്ചവ്യാധി പട്ടികയില്‍ ഏറ്റവും കൂടുതല്‍ മരണവും ഇതോടെ ഇന്‍ഫ്ലുവന്‍സയുടെ പേരിലായി. എലിപ്പനി, ഡെങ്കിപ്പനി എന്നിവയെ മറികടന്നാണ് ഇന്‍ഫ്ലുവന്‍സ പടര്‍ന്നത്. കോവിഡിനുശേഷമാണ് എച്ച്3 എന്‍2 വൈറസ് സാന്നിധ്യം കണ്ടുതുടങ്ങിയത്. അതിനുമുന്‍പ് എച്ച്1 എന്‍1 വിഭാഗമായിരുന്നു കൂടുതല്‍. ഇന്‍ഫ്ലുവന്‍സ എ വൈറസിന്റെ ഉപവിഭാഗമായ എച്ച്3 എന്‍2 ന്യുമോണിയ, ശ്വാസതടസ്സം എന്നിവയുണ്ടാക്കും. പ്രതിരോധശേഷി കുറഞ്ഞവര്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരിലേക്ക് എളുപ്പം പടരും. ലക്ഷണങ്ങള്‍ – എച്ച്1 എന്‍1: പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛര്‍ദി, വിറയല്‍, ക്ഷീണം. ആസ്ത്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരില്‍ രോഗം കടുക്കും. എച്ച്3 എന്‍2: ചുമ, പനി, ഛര്‍ദി, തൊണ്ടവേദന, പേശിവേദന, ശ്വസതടസ്സം. തുടര്‍ച്ചയായ പനി, നെഞ്ചുവേദനയും അസ്വസ്ഥതയും, ഭക്ഷണംകഴിക്കുമ്പോള്‍ വേദന എന്നിവ അനുഭവപ്പെട്ടാല്‍ ചികിത്സ തേടണം. രോഗബാധിതനായ വ്യക്തി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് പടരും. വൈറസ് ബാധയേറ്റ പ്രതലവുമായി സമ്പര്‍ക്കത്തിലായ വ്യക്തി വായിലോ മൂക്കിലോ കൈകൊണ്ട് സ്പര്‍ശിക്കുമ്പോഴും പടരും.
