രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് കുറഞ്ഞു. ഒക്ടോബറില്‍ 8.39 ശതമാനമായാണ് കുറഞ്ഞത്. 10.70 ശതമാനമായിരുന്നു സെപ്റ്റംബറിലെ പണപ്പെരുപ്പനിരക്ക്. 2021 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് പണപ്പെരുപ്പനിരക്ക്. ഒരു ഘട്ടത്തില്‍ പണപ്പെരുപ്പനിരക്ക് 15.88 ശതമാനം വരെയായി ഉയര്‍ന്നിരുന്നു. മെയ് മാസത്തിലാണ് റെക്കോര്‍ഡ് ഉയരത്തില്‍ പണപ്പെരുപ്പനിരക്ക് എത്തിയത്. 2021 മാര്‍ച്ചില്‍ രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 7.89 ശതമാനം ആയിരുന്നു. എന്നാല്‍ അതിന് ശേഷം മൊത്തവില സൂചിക രണ്ടക്ക സംഖ്യക്ക് മുകളില്‍ ആയിരുന്നു. 2021 ഏപ്രില്‍ മുതല്‍ 2022 സെപ്റ്റംബര്‍ വരെയുള്ള തുടര്‍ച്ചയായ 18 മാസങ്ങളില്‍ പണപ്പെരുപ്പം രണ്ടക്ക സഖ്യയായി നില്‍ക്കുകയായിരുന്നു. ഒന്നര വര്‍ഷത്തിനിപ്പുറമാണ് വീണ്ടും പണപ്പെരുപ്പം മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കിലേക്ക് എത്തുന്നത്. ധാതു എണ്ണയുടെയും ലോഹങ്ങളുടെയും അടക്കം വില കുറഞ്ഞതാണ് ഒക്ടോബറിലെ പണപ്പെരുപ്പനിരക്കില്‍ പ്രതിഫലിച്ചത്. ഭക്ഷ്യവിലപ്പെരുപ്പം സെപ്റ്റംബറില്‍ 8.08 ശതമാനത്തില്‍ നിന്ന് ഒക്ടോബറില്‍ 6.48 ശതമാനമായി കുറഞ്ഞു. പച്ചക്കറികള്‍, ഉരുളക്കിഴങ്ങുകള്‍, ഉള്ളി, പഴങ്ങള്‍, പാല്‍ എന്നിവയുടെ വിലയിലുണ്ടായ ഇടിവാണ് പണപ്പെരുപ്പം കുറയ്ക്കാന്‍ പ്രധാന കാരണം. കഴിഞ്ഞ മാസം പച്ചക്കറി വില 17.61 ശതമാനമായി കുറഞ്ഞു. സെപ്തംബറില്‍ ഇത് 39.66 ശതമാനമായിരുന്നെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഉരുളക്കിഴങ്ങ് വില ഒരു മാസം മുമ്പ് 49.79 ശതമാനത്തില്‍ നിന്ന് 44.97 ശതമാനമായി കുറഞ്ഞു, ഉള്ളിയുടെ വില ഒക്ടോബറില്‍ 20.96 ശതമാനത്തില്‍ നിന്ന് 30.02 ശതമാനമായി കുറഞ്ഞു.