കെഎസ്ആർടിസിയിൽ ടിഡിഎസ് നാളെ മുതൽ നടത്തുമെന്നു പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. പുതിയ ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ചു പ്രഖ്യാപിച്ച സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കെഎസ്ആർടിസി മാനേജ്മെൻ്റും ഗതാഗത മന്ത്രിയും വ്യക്തമാക്കിയിരുന്നു.പുതിയ ഡ്യൂട്ടി സമ്പ്രദായം കൊണ്ട് ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ ആറു മാസത്തിനകം മാറ്റങ്ങൾ വരുത്താമെന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള ചിത്രം വ്യക്തമായി. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുൻ ഖാര്‍ഗ്ഗെ, ശശി തരൂര്‍ എംപി, ജാര്‍ഖണ്ഡിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് കെ.എൻ.ത്രിപാഠി എന്നിവരാണ് അധ്യക്ഷ തെരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. നെഹ്റു കുടുംബത്തിൻ്റേയും ഹൈക്കമാൻഡിൻ്റേയും പിന്തുണ മല്ലികാര്‍ജ്ജുൻ ഖാര്‍ഗ്ഗേയ്ക്കുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കരുതിയ മനീഷ് തീവാരി അടക്കമുള്ള നേതാക്കൾ ഖാര്‍ഗ്ഗേയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്. മത്സരിക്കാൻ തീരുമാനിച്ചതോടെ രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനം മല്ലികാര്‍ജ്ജുൻ ഖാര്‍ഗ്ഗേ രാജിവച്ചേക്കും.
സി പി ഐ സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുമ്പ് പാർട്ടി നേതൃത്വത്തിനെതിരെയും സംസ്ഥാന സെക്രട്ടറിക്കെതിരെയും പരസ്യ വിമർശനമുന്നയിച്ച സി ദിവാകരൻ, കെഇ ഇസ്മയിൽ എന്നീ മുതിർന്ന നേതാക്കൾക്കെതിരെ എക്സിക്യൂട്ടീവിൽ പരാമർശം. പാർട്ടി തീരുമാനങ്ങൾക്കെതിരേ മുതിർന്ന നേതാക്കൾ മാധ്യമങ്ങളോട് നടത്തിയ പരസ്യ പ്രതികരണങ്ങൾ ശരിയായില്ലെന്നാണ് എക്സിക്യൂട്ടീവിലെ വിലയിരുത്തൽ.നേതൃത്വത്തിനെതിരായ പരസ്യ പ്രതികരണം പാർട്ടിയിൽ ഐക്യമില്ലെന്ന പ്രതീതിയുണ്ടാക്കി.പാർട്ടിയിലെ ഐക്യം എല്ലാവരും ചേർന്ന് നിലനിർത്തണമന്ന് സെക്രട്ടറി കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു.
സംസ്ഥാന നേതൃത്വത്തിന് ഏര്‍പ്പെടുത്തിയ 75 വയസ്സ് പ്രായ പരിധി എന്നത് മാർഗനിർദ്ദേശം മാത്രമാണെന്ന് സി പി ഐ ജനറൽ സെക്രട്ടറി ഡി രാജ. പ്രായ പരിധിയുടെ കാര്യത്തിൽ കാനം വിരുദ്ധ പക്ഷത്തിന് ഒപ്പമാണ് ദേശീയ നേതൃത്വവുമെന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. കേരളത്തിലെ പാർട്ടിയിൽ ഉള്ള രൂക്ഷമായ വിഭാഗീയ പ്രശ്നങ്ങളെ കുറിച്ച് പ്രതികരിക്കാൻ ഡി രാജ തയ്യാറായില്ല.കാനം രാജേന്ദ്രൻ മാറി പാര്‍ട്ടിക്ക് പുതു നേതൃത്വം വരണമെന്നും പ്രായപരിധി തീരുമാനം അംഗീകരിക്കില്ലെന്നും പരസ്യ നിലപാടെടുത്ത മുതിർന്ന നേതാവ് സി ദിവാകരനെതിരെ എന്ത് നടപടി എടുക്കണമെന്ന് ഇന്ന് ചേരുന്ന എക്സിക്യൂട്ടീവ് ചര്‍ച്ച ചെയ്തേക്കും. അതിനിടെ പാർട്ടിയുടെ പൊതുസമ്മേളനം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് എന്നും റിപ്പോർട്ടുകൾ.
എൻഐഎ അറസ്റ്റ് ചെയ്ത പതിനൊന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കളും അടുത്ത മാസം 20 വരെ റിമാൻഡിൽ. പ്രതികളെ കാക്കനാട് ജയിലിലേക്ക് കൊണ്ട് പോകും. വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലേക്ക് പ്രതികളെ മാറ്റണമെന്ന് എൻഐഎ ആവശ്യപ്പെട്ടു. അതിനായി പ്രത്യേക അപേക്ഷ നൽകും. ഡിജിറ്റൽ തെളിവുകൾ ഇനിയും കിട്ടാനുണ്ടെന്നും എൻഐഎ അറിയിച്ചു. ഇന്നലെ റിമാൻഡ് ചെയ്ത അബ്ദുൾ സത്താറിനെ കസ്റ്റഡിയിൽ കിട്ടാൻ എൻഐഎ അപേക്ഷയും നൽകി.
അഭിമുഖത്തിനിടെ നടൻ ശ്രീനാഥ് ഭാസി യുട്യൂബ് ചാനൽ അവതാരകയെ അധിക്ഷേപിച്ചെന്ന കേസ് ഒത്തുതീർപ്പിലെത്തി.എങ്കിലും ശ്രീനാഥ് ബന്ധപ്പെട്ട വിവാദം അവസാനിക്കുന്നില്ല. ചാനല അവതാരിക നൽകിയ പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ ലഹരി പരിശോധനയുടെ ഫലത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഇനി. പരിശോധന ഫലത്തിൽ മയക്കുമരുന്ന് ഉപയോഗം തെളിഞ്ഞാൽ തുടർ നടപടി ഉണ്ടാകുമെന്ന് തന്നെയാണ് പൊലീസ് വ്യക്തമാക്കുന്നതും.
https://youtu.be/LknE1LRBY6o