പോഷകസമൃദ്ധമായ ഭക്ഷണക്രമം പാലിക്കുന്നത് നമ്മുടെ മുടിയിലും ചര്‍മത്തിലും പ്രതിഫലിക്കുമെന്നതില്‍ സംശയം വേണ്ട. ചര്‍മം പോലെ തന്നെ നമ്മള്‍ എന്ത് കഴിക്കുന്നു എന്നതാണ് മുടിയുടെയും ആരോഗ്യം നിര്‍ണയിക്കുന്ന പ്രധാന ഘടകം. മുടിക്ക് കരുത്തും തിളക്കവും നിലനിര്‍ത്താന്‍ ആവശ്യമായതെല്ലാം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ശരിയായ അളവില്‍ പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. മുടിയെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില ഡയറ്റ് ടിപ്സ് ഇതാ. മുടിയുടെ ആരോഗ്യത്തിന് കാല്‍സ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ ജ്യൂസുകള്‍ ഏറെ നല്ലതാണ്. ഇവ അടങ്ങിയിട്ടുള്ള ഗോതമ്പിന്റെ പുല്ല് കൊണ്ടുള്ള ജ്യൂസ്, തക്കാളിയും ചീരയും ചേര്‍ന്ന ജ്യൂസ് എന്നിവ പതിവാക്കുന്നത് മുടിയെ കരുത്തുറ്റതാക്കും. റാഗി, മണിച്ചോളം, ഗോതമ്പ് എന്നിവയും മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. നല്ല മുടിയിഴകള്‍ വേണമെങ്കില്‍ ചില ഇഷ്ടങ്ങളെയും മാറ്റിനിര്‍ത്തേണ്ടിവരും. അതില്‍ ഒന്നാണ് പഞ്ചസാര. റിഫൈന്‍ഡ് ഭക്ഷണപദാര്‍ത്ഥങ്ങളും പഞ്ചസാരയുമൊക്കെ ഒഴിവാക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതേസമയം ബ്രഹ്മി, ബ്രംഗരാജ് തുടങ്ങിയ ഔഷധങ്ങള്‍ മുടിയുടെ കരുത്തിനും മുടികൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കും. പ്രോട്ടീനും ഇരുമ്പും അടങ്ങിയ ഭക്ഷണം മുടിക്ക് നല്ലതാണ്. മുട്ട, പച്ചിലകറികള്‍, മീന്‍ എന്നിവ മുടിയെ കരുത്തോടെ കാക്കാന്‍ സഹായിക്കും.