സിറ്റി ഫെയ്സ് ലിഫ്റ്റിന്റെ ലോഞ്ചിനൊപ്പം പുതിയ എസ് യുവി മോഡലായ ഇസഡ്ആര്‍- വി അവതരിപ്പിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. പ്രീ-ബുക്കിങ് ആരംഭിച്ചു. 2026 ജൂലൈ മുതല്‍ ഡെലിവറി ആരംഭിക്കും. വില ഏകദേശം 40 ലക്ഷം മുതല്‍ 50 ലക്ഷം രൂപ വരെ വരും. ഈ വാഹനം ഒരു 5-സീറ്റര്‍ മോഡലാണ്. ഏറ്റവും വലിയ ആകര്‍ഷണം അതിന്റെ 2.0-ലിറ്റര്‍ ഹൈബ്രിഡ് എന്‍ജിനാണ്. ഹോണ്ടയുടെ ഭാഷയില്‍ ‘e:HEV’ എന്ന് വിളിക്കുന്ന ഈ എന്‍ജിന്‍ ഒരു ഇലക്ട്രിക് മോട്ടോറുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇത് കുറഞ്ഞ വേഗതയില്‍ ഇലക്ട്രിക് ഡ്രൈവും കൂടുതല്‍ വേഗം ആവശ്യമുള്ളപ്പോള്‍ പെട്രോള്‍ കരുത്തും നല്‍കുന്നു. എന്‍ജിന്‍ 142ബിഎച്പി കരുത്തും 189എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ഇലക്ട്രിക് മോട്ടോര്‍ 182ബിഎച്പി കരുത്തും 315എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. കൂടാതെ വിവിധ ഡ്രൈവ് മോഡുകളും ഇതിലുണ്ട്. 22.80 കിലോമീറ്റര്‍/ലിറ്റര്‍ മൈലേജ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
