രാജ്യത്തിന്റെ പലഭാഗങ്ങളില്‍ എച്ച്എംപി വൈറസ് (ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ) സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ന്യൂമോവിരിഡേ ഗണത്തില്‍പ്പെട്ട വൈറസ് ശ്വാസകോശ അണുബാധയിലേക്കും ആരോഗ്യ സങ്കീര്‍ണതകളിലേക്കും നയിക്കാം. കൂടാതെ എച്ച്എംപി വൈറസ് വൃക്കകളെയും ബാധിക്കാമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. വൃക്ക, കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവരില്‍ എച്ച്എംപിവി ഗുരുതരമായ രോഗാവസ്ഥയ്ക്ക് കാരണമാകും. വൃക്ക മാറ്റി വെക്കല്‍ ശസ്ത്രക്രിയയ്ക്ക് മുന്‍പ് ഇമ്മ്യൂണോഫ്ലൂറസെന്‍സ് അല്ലെങ്കില്‍ ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കണം. രോഗപ്രതിരോധശേഷി കുറഞ്ഞ രോഗികളില്‍ വൈറല്‍ വ്യാപനം തടയുന്നതിന് ഉചിതമായ അണുബാധ നിയന്ത്രണ രീതികള്‍ നടപ്പിലാക്കുന്നത് ഇത് സഹായിക്കും. എച്ച്എംപിവി മൂലം നേരിട്ടുള്ള വൃക്ക തകരാറുകള്‍ വ്യാപകമായി രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ഉയര്‍ന്ന അപകട സാധ്യതയുള്ള വിഭാഗങ്ങളില്‍ (പ്രായമായര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍) വൈറസ് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. കടുത്ത ചുമ, മൂക്കൊലിപ്പ്, അടഞ്ഞ മൂക്ക്, പനി, തൊണ്ടവേദന എന്നിവയാണ് എച്ച്എംപിവി രോഗലക്ഷണങ്ങള്‍. പ്രധാനമായും ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന കണികളിലൂടെയാണ് വൈറസ് പടരുന്നത്. രോഗബാധിതരായ വ്യക്തികളുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയോ മലിനമായ ചുറ്റുപാടുകളുമായുള്ള സമ്പര്‍ക്കത്തിലൂടെയോ ഇത് പകരാം.
എച്ച്എംപി വൈറസ് വൃക്കകളെയും ബാധിക്കാം
