Untitled design 20241120 174049 0000

 

കേരളം എന്ന സംസ്ഥാനത്തിന്റെയും ലക്ഷദ്വീപ് എന്ന കേന്ദ്രഭരണപ്രദേശത്തിന്റെയും ഉന്നത ന്യായാലയമാണ് കേരള ഹൈക്കോടതി. കേരള ഹൈക്കോടതിയുടെ ചരിത്രം ഒന്നു നോക്കാം….!!!

കൊച്ചിയിലാണ്‌ കേരള ഹൈക്കോടതിയുടെ ആസ്ഥാനം.ഇന്നത്തെ കേരള സംസ്ഥാനം പഴയ തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളും മലബാറും ചേർന്നുണ്ടായതാണ്. തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റായിരുന്ന കേണൽ മൺറോയുടെ കാലംമുതൽക്കാണ് കേരളത്തിലെ നീതിന്യായരംഗത്ത് ആധുനികവൽകരണമുണ്ടാകുന്നത്. 1811-ൽ ജില്ലാ കോടതികൾ നിലവിൽ വന്നു. 1814-ൽ തിരുവിതാംകൂറിലെ ഏറ്റവും ഉയർന്ന കോടതിയായി ഹുസൂർ കോടതി (ഹുസൂർ കച്ചേരി) സ്ഥാപിതമായി.

 

1861-ൽ ഹുസൂർ കോടതിയുടെ സ്ഥാനത്ത് സദർ കോടതി നിലവിൽ വന്നു. നിലവിൽ ഒരു ഹൈക്കോടതിക്കുള്ള ഏതാണ്ടെല്ലാ അധികാരങ്ങളും സദർ കോടതിക്കുണ്ടായിരുന്നു. 1861 മുതൽ 1881 വരെയായിരുന്നു സദർ കോടതി പ്രവർത്തിച്ചിരുന്നത്.1887-ൽ തിരുവിതാംകൂർ ഹൈക്കോടതി സ്ഥാപിതമായി. മുഖ്യന്യായാധിപൻ (ചീഫ് ജസ്റ്റിസ്) ഉൾപ്പെടെ അഞ്ചു ന്യായാധിപന്മാരായിരുന്നു കോടതിയിൽ ഉണ്ടായിരുന്നത്. ഹിന്ദു നിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീർപ്പുകല്പിക്കുന്നതിന് മുഖ്യന്യായാധിപന്റെ സഹായിയായി ഒരു ‘പണ്ഡിതനും’ പ്രവർത്തിച്ചിരുന്നു.

 

തിരുവിതാംകൂർ ഹൈക്കോടതിയുടെ ആദ്യത്തെ മുഖ്യന്യായാധിപൻ രാമചന്ദ്ര അയ്യർ ആയിരുന്നു. മുഖ്യന്യായാധിപപദവിയിൽ എത്തുമ്പോൾ 35 വയസുമാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.അന്നും തിരുവിതാംകൂർ ഹൈക്കോടതി പ്രവർത്തിച്ചിരുന്നത് ഇന്നത്തെ ജില്ലാക്കോടതി പ്രവർത്തിക്കുന്ന വഞ്ചിയൂരിലുള്ള മനോഹരമായ കെട്ടിടത്തിൽ തന്നെയാണ്. അതിനുമുമ്പ് അവിടെ എസ്.എം.വി. ഹൈസ്‌കൂളായിരുന്നു പ്രവർത്തിച്ചിരുന്നത് . എന്നാൽ പിന്നീട് സർ സി.പി. രാമസ്വാമി അയ്യർ എസ്.എം.വി. സ്‌കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റി.

 

സ്‌കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ സെക്രട്ടേറിയറ്റിനുള്ളിൽ ഉണ്ടായിരുന്ന ഹൈക്കോടതിയും ആയുർവേദ കോളേജ് സ്ഥിതിചെയ്യുന്ന ഭാഗത്ത് ഉണ്ടായിരുന്ന ജില്ലാ കോടതിയും മറ്റ് കോടതികളുമെല്ലാം വഞ്ചിയൂരിലുള്ള കെട്ടിടത്തിലേക്ക് മാറ്റി. അതോടെ, കോടതികൾ ഒരു കെട്ടിടസമുച്ചയത്തിലായി. ഇവിടെയാണ് സി.പി.യെ അനുകൂലിച്ച ന്യായാധിപന്മാരും ഉത്തരവാദ ഭരണത്തെ അനുകൂലിച്ച അഭിഭാഷകരും തമ്മിലുള്ള ഉരസൽ പലപ്പോഴും രൂക്ഷമായത്.

1812-ൽ കേണൽ മൺറോ ദിവാനായിരിക്കുമ്പോഴാണ് കൊച്ചിയിൽ ആദ്യമായി കോടതി നിലവിൽ വന്നത്. തൃശൂർ, തൃപ്പൂണ്ണിത്തുറ എന്നിവിടങ്ങളിൽ മൺറോ ഉപകോടതികൾ സ്ഥാപിച്ചു. എറണാകുളത്ത് മൂന്ന് ന്യായാധിപന്മാരടങ്ങിയ ഹുസൂർ കോടതിയും സ്ഥാപിച്ചു. 1835വരെ ഈ സംവിധാനം തുടർന്നു. അതിനു ശേഷം ഹുസൂർ കോടതി ‘രാജാസ് കോർട്ട് ഓഫ് അപ്പീലും’ ഉപകോടതികൾ ജില്ലാ കോടതിയും ആയി മാറി. 1900-ൽ രാജാസ് കോർട്ട് ഓഫ് അപ്പീൽ, കൊച്ചി മുഖ്യന്യായാലയം (ചീഫ് കോർട്ട് ഓഫ് കൊച്ചിൻ) ആയി മാറി.

 

കോടതിയിൽ മൂന്നു ജഡ്ജിമാരായിരുന്നു ഉണ്ടായിരുന്നത്. എസ്. ലോക്ക് ആയിരുന്നു ആദ്യത്തെ മുഖ്യന്യായാധിപൻ. ഷണ്മുഖം ചെട്ടി കൊച്ചി ദിവാനായിരുന്ന കാലത്ത് ചീഫ് കോർട്ട്, ഹൈക്കോടതിയായി മാറി.1947 ഓഗ്സ്റ്റ് 15-ന് ഭാരതം സ്വാതന്ത്ര്യം നേടിയ ശേഷം, 1949 ജൂലൈ 1-ന് തിരുവിതാംകൂർ, കൊച്ചി എന്നീ രാജ്യങ്ങൾ ചേർത്ത് തിരു-കൊച്ചി സംസ്ഥാനം രൂപംകൊടുത്തു. ഇതിനെ തുടർന്ന് 1949 ജൂലൈ 7-ന് എറണാകുളം ആസ്ഥാനമായി തിരു-കൊച്ചി ഹൈക്കോടതിയും സ്ഥാപിതമായി.

 

1956 നവംബർ 1-ന് കേരള സംസ്ഥാനം നിലവിൽ വന്നതോടെ, അതേ ദിവസം തന്നെ എറണാകുളം ആസ്ഥാനമായി കേരള ഹൈക്കോടതിയും സ്ഥാപിതമായി. കേരളത്തിനു പുറമേ കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിനെക്കൂടി കേരള ഹൈക്കോടതിയുടെ അധികാരപരിധിയിൽ ഉൾപ്പെടുത്തി. തിരു-കൊച്ചി ഹൈക്കോടതിയിലെ 3409 പ്രധാന കേസുകളും മദ്രാസ് ഹൈക്കോടതിയിലെ 1504 കേസുകളുമായിരുന്നു കേരള ഹൈക്കോടതി സ്ഥാപിതമാകുമ്പോൽ പരിഗണനയ്ക്കായി ഉണ്ടായിരുന്നത്.

 

കേരള ഹൈക്കോടതിയുടെ പഴയ മന്ദിരം പ്രവർത്തിച്ചിരുന്നത് എറണാകുളത്തെ റാംമോഹൻ പാലസിലാണ്. പുതിയ മന്ദിരത്തിന്റെ ശിലാസ്ഥാപനം 1994 മാർച്ച് 14-ന് സുപ്രീം കോടതിയുടെ അപ്പോഴത്തെ മുഖ്യന്യായാധിപനായ എം.എൻ. വെങ്കിട ചെല്ലയ്യ നിർവഹിച്ചു. 2005-ൽ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയായി. 2006 ഫെബ്രുവരി 11-ന് സുപ്രീം കോടതിയുടെ അപ്പോഴത്തെ മുഖ്യന്യായാധിപനായ വൈ.കെ. സബർവാൾ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഹൈക്കോടതിയുടെ ചരിത്രം ഇനിയും ഏറെ മനസ്സിലാക്കാനുണ്ട്. കൂടുതൽ അറിയാനായി അറിയാക്കഥകളുടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുക.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *