വിപണിയില്‍ എത്തി ആദ്യമാസം തന്നെ ഹാര്‍ലി ഡേവിഡ്സണ് എക്സ് 440 ന് 25597 ബുക്കിങ്ങുകള്‍. ഹാര്‍ലി ഡേവിഡ്സണ് ഹീറോ കൂട്ടുകെട്ടില്‍ നിര്‍മിച്ച ഹാര്‍ലി ഡേവിഡ്സണ് എക്സ് 440 ന്റെ പ്രരംഭവില 2.29 ലക്ഷം രൂപയാണ്. ഹാര്‍ലിയുടെ ഏറ്റവും കരുത്തു കുറഞ്ഞ വാഹനം, ഏറ്റവും വില കുറവുള്ള പതിപ്പ് തുടങ്ങി ഒട്ടേറെ സവിശേഷതകളോടെയാണ് വാഹനം വിപണിയിലെത്തിയിരിക്കുന്നത്. ഡെനിം, വിവിഡ്, എസ് എന്നിങ്ങനെ മൂന്നു വകഭേദങ്ങളുള്ള മോഡലിന്റെ പ്രാരംഭ മോഡല്‍ ഡെനിമിന് 2.29 ലക്ഷം രൂപയാണ് വില. ഉയര്‍ന്ന വകഭേദമായ എസ് വേരിയന്റിന് 2.69 ലക്ഷം രൂപയാണ്. ആഗോള വിപണി ലക്ഷ്യമിട്ടു നിര്‍മിച്ച വാഹനമാണിത്. ഇന്ത്യയില്‍ നിര്‍മിച്ച് വിദേശവിപണിയിലേക്ക് ഉള്‍പ്പെടെ കയറ്റുമതി ചെയ്യുമെന്നാണ് സൂചന. എക്സ്440 പേരു സൂചിപ്പിക്കുന്നതുപോലെ 440 സിസി എയര്‍ / ഓയില്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്. 6000 ആര്‍പിഎമ്മില്‍ 27 എച്ച്പി പരമാവധി കരുത്തും 4000 ആര്‍പിമ്മില്‍ 38 എന്‍എം ടോര്‍ക്കുമുള്ള എന്‍ജിനാണിത്. 6 സ്പീഡാണ് ഗിയര്‍ബോക്സ്.