വായുടെ ആരോഗ്യം തുടര്‍ച്ചയായി അവഗണിക്കുന്നത് കാവിറ്റീസ്, മോണ വീക്കത്തിന് പുറമെ ഹൃദയത്തിന്റെ ആരോഗ്യത്തെ വരെ ബാധിക്കാം. ഗുരുതരമായ മോണ വീക്കമാണ് പീരിയോണ്‍ഡൈറ്റിസ് എന്ന രോഗാവവസ്ഥ. പല്ലുകളില്‍ അടിഞ്ഞു കൂടുന്ന പ്ലാക് കഠിനമാകുമ്പോള്‍ അത് മോണയില്‍ വീക്കം ഉണ്ടാക്കുകയും ഗുരുതരമായ അണുബാധയിലേക്ക് നയിക്കുകയും ചെയ്യുന്നു. പ്രധാനമായും പല്ലുകളോട് ചേര്‍ന്ന കോശങ്ങളെ ബാധിക്കുന്നതിനാല്‍ പല്ലുകള്‍ കൊഴിയാനും കാരണമാകുന്നു. മോണയിലെ ഈ അണുബാധ/ബാക്ടീരിയകള്‍ രക്തപ്രവാഹത്തിലേക്ക് പ്രവേശിക്കുന്നതോടെ ധമനികളില്‍ ഫലകങ്ങള്‍ രൂപീകരിക്കാന്‍ തുടങ്ങുന്നു. ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ മോശം ദന്തസംരക്ഷണത്തെ തുടര്‍ന്ന് ഉണ്ടാകാന്‍ സാധ്യതയുള്ള മറ്റൊരു രോഗമാണ് പ്രമേഹം. ദന്തസംരക്ഷണം ഇല്ലാതാകുമ്പോള്‍ വായില്‍ ബാക്ടീരിയ പെരുകാനും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുന്നതിലേക്കും നയിക്കുന്നു. ഇത് തിരിച്ചും സംഭവിക്കാം രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ധിക്കുന്നത് പല്ലുകളുടെ ആരോഗ്യം മോശമാകാനും കാരണമാകാം. പഠനത്തില്‍ പീരിയോണ്‍ഡൈറ്റിസ് രോഗം സന്ധികളെ ബാധിക്കുന്ന സ്വയം രോഗപ്രതിരോധ രോഗമായ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങള്‍ വര്‍ധിപ്പിക്കാന്‍ കാരണമാകുന്നുവെന്ന് കണ്ടെത്തിയിരുന്നു. പല്ലുകളില്‍ പ്ലാക് അടിഞ്ഞുകൂടല്‍, വായ്നാറ്റം, ചുവന്നതും വീര്‍ത്തതുമായ മോണകള്‍, പല്ലിന്റെ സെന്‍സിറ്റിവിറ്റി, രുചി വ്യത്യാസം തോന്നുക, വായിലെ വ്രണങ്ങള്‍, പല്ലിന്റെ നിറം മാറുക എന്നിവയാണ് വായയുടെ ആരോഗ്യം മോശമാകുന്നതിന്റെ പ്രധാന ലക്ഷണങ്ങള്‍.
മോണ വീക്കം ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു
