‘ഗു’ എന്ന ഫാന്റസി ഹൊറര്‍ ചിത്രം റീ റിലീസിന്. നവാഗതനായ സംവിധായകന്‍ മനു രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. മെയ് 17ന് തിയേറ്ററുകളിലെത്തിയ ചിത്രം ജൂലൈ 18ന് വീണ്ടും തിയേറ്ററുകളിലെത്തും. മലബാറിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ പുരാതനമായൊരു തറവാടായ അരിമണ്ണ തറവാട്ടില്‍ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ഗുളികന്‍ തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ മിന്ന എന്ന പെണ്‍കുട്ടിയിലൂടെയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. ഏറെ ദുരൂഹമായതും ഭയം ജനിപ്പിക്കുന്നതും അതോടൊപ്പം കൗതുകം പകരുന്നതുമായ ഒട്ടേറെ ദൃശ്യങ്ങളും സംഭവങ്ങളും ചിത്രത്തിലുണ്ട്. ‘മാളികപ്പുറ’ത്തിലൂടെ ശ്രദ്ധേയായ ദേവനന്ദയാണ് പ്രധാന വേഷത്തിലെത്തുന്നത്. നിരവധി കുട്ടികളും സിനിമയുടെ ഭാഗമായെത്തുന്നുണ്ട്. സൈജു കുറുപ്പാണ് മിന്നയുടെ അച്ഛന്‍ കഥാപാത്രമായെത്തുന്നത്. നടി അശ്വതി മനോഹരന്‍ മിന്നയുടെ അമ്മയായെത്തുന്നു. പട്ടാമ്പിയിലും പരിസരപ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. നിരഞ്ജ് മണിയന്‍ പിള്ള രാജു, മണിയന്‍ പിള്ള രാജു, രമേഷ് പിഷാരടി, നന്ദിനി ഗോപാലകൃഷ്ണന്‍, ലയാ സിംസണ്‍ എന്നിവരും മറ്റ് പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.