സംസ്ഥാനത്തെ സ്വര്‍ണ വില ഇന്നും റെക്കോഡിട്ടു. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 7,905 രൂപയിലെത്തി. പവന് വില 760 രൂപ വര്‍ധിച്ച് 63,240 രൂപ എന്ന നിലയിലാണ്. കഴിഞ്ഞ ദിവസം കുറിച്ച പവന് 62,480 രൂപയെന്ന റെക്കോഡ് ഇതോടെ മറികടന്നു. സ്വര്‍ണ വില ഇതാദ്യമായാണ് 63,000 കടക്കുന്നത്. കഴിഞ്ഞ മാസം 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. ഇക്കൊല്ലം സ്വര്‍ണം പവന് 6,360 രൂപയാണ് കൂടിയത്. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 80 രൂപ വര്‍ധിച്ച് 6,535 രൂപയിലെത്തി. വെള്ളി ഗ്രാമിന് 2 രൂപ കൂടി 106 രൂപയിലുമെത്തി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ പ്രഖ്യാപനത്തിന് ചൈന മറുപണിയുമായി രംഗത്തിറങ്ങിയതാണ് സ്വര്‍ണ വില റെക്കോഡിലെത്താന്‍ കാരണം. ഗാസ മുനമ്പിന്റെ നിയന്ത്രണം യു.എസ് ഏറ്റെടുക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത് വിപണിയെ വീണ്ടും ആശങ്കയിലാഴ്ത്തി. ഇതോടെ കൂടുതല്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തെ കാണുന്നതാണ് വില വര്‍ധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില, പവന് 63,240 രൂപ!
