സംസ്ഥാനത്ത് സ്വര്‍ണ വില വന്‍ കുതിപ്പില്‍. ഇന്ന് ഒറ്റ ദിവസം കൊണ്ട് പവന്‍ വില 640 രൂപ വര്‍ധിച്ച് 58,280 രൂപയിലെത്തി. ഗ്രാം വില 80 രൂപ ഉയര്‍ന്ന് 7,285 രൂപയുമായി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വിലയില്‍ മുന്നേറ്റമുണ്ടാകുന്നത്. ഇതോടെ ഈ ആഴ്ചയിലെ മാത്രം വര്‍ധന 1,360 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഉയരുന്നുണ്ട്. ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 6,015 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വെള്ളി വില ഇന്ന് മാറ്റമില്ല. ഗ്രാമിന് 101 രൂപയില്‍ തുടരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ ഗ്രാമിന് 7,455 രൂപയും പവന് 59,640 രൂപയുമാണ് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വില. നിലവിലെ കുതിപ്പ് തുടര്‍ന്നാല്‍ അധികം വൈകാതെ സ്വര്‍ണം കേരളത്തില്‍ പുതിയ റെക്കോഡ് കുറിച്ചേക്കും. രാജ്യാന്തര സ്വര്‍ണ വില വീണ്ടും 2,700 ഡോളറിനു മുകളിലെത്തി.