അനുദിനം റെക്കോഡ് പുതുക്കി സംസ്ഥാനത്ത് സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഗ്രാം വില 9,805 രൂപയും പവന്‍ വില 78,440 രൂപയുമായി. കേരളത്തില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 8,050 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 6,265 രൂപയും ഒമ്പത് കാരറ്റിന് 4,040 രൂപയുമാണ് വില. വെള്ളി വിലയും കുതിച്ച് ഉയരുകയാണ്. ഗ്രാമിന് രണ്ട് രൂപ ഉയര്‍ന്ന് 133 രൂപയിലെത്തി. കേരളത്തില്‍ കുറിക്കുന്ന റെക്കോഡ് വിലയാണിത്. ഓഗസ്റ്റ് 22ന് ഗ്രാമിന് 9,215 രൂപയായിരുന്ന സ്വര്‍ണ വിലയാണ് 12 ദിവസത്തിനുള്ളില്‍ 9,805 രൂപയിലെത്തിയത്. അന്താരാഷ്ട് സ്വര്‍ണ വില 3,531 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 88.08ലുമെത്തിയതാണ് സ്വര്‍ണ വിലയെ മുന്നേറ്റത്തിലെത്തിക്കുന്നത്. ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് ബാങ്ക് നിരക്ക് ഒരു കോടി 3ലക്ഷം രൂപയായിട്ടുണ്ട്. ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണം എങ്കില്‍ 85,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ഒരു ഗ്രാം സ്വര്‍ണത്തിന് 10,700 രൂപ നല്‍കേണ്ടിവരും.