ശബരിമല സ്വർണപ്പാളി വിവാദത്തിൽ കൃത്യമായ അന്വേഷണം നടക്കുമെന്നും അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും മുൻ ദേവസ്വം പ്രസിഡൻ്റ് എ പദ്മകുമാർ. അതേസമയം പത്മകുമാറിനെ വെട്ടിലാക്കുന്നതാണ് ദേവസ്വം വിജിലൻസിൻ്റെ റിപ്പോർട്ട്. 2019 ജുലൈ മാസത്തിലാണ് സ്വർണ്ണപ്പാളികൾ പോറ്റിക്ക് കൈമാറുന്നത്. ഇതിന് ഒരുമാസം മുമ്പ് പോറ്റി യാഹൂ അക്കൗണ്ടിൽ നിന്ന് എ പത്മകുമാറിന് അയച്ച ഇ മെയിൽ സന്ദേശം ദേവസ്വം വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സ്വർണത്തിന്റെ വിവരങ്ങൾ ആരായുന്നുണ്ട്. പിന്നാലെയാണ് സ്വർണപാളികള്‍ ബോർഡ് പോറ്റിക്ക് കൈമാറുന്നത്. ചട്ടവിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ പോറ്റിക്ക് അനുമതി നൽകിയതിലും പരിശോധന നടത്താതെ തിരികെ കൊണ്ടുവന്നതിലും അടിമുടി ദുരൂഹതയുണ്ടെന്നാണ് വിജിലൻസ് റിപ്പോർട്ട്. എന്നാൽ ദേവസ്വം ബോർഡ് പ്രസിഡണ്ടിന് ഒട്ടേറെ ആളുകൾ ഇമെയിൽ അയക്കും, അത് സ്വാഭാവികം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇമെയിൽ തൻ്റെ ശ്രദ്ധയിൽ വന്നിട്ടില്ലെന്നും എല്ലാം അന്വേഷണത്തിൽ തെളിയട്ടെയെന്നും പത്മകുമാർ വ്യക്തമാക്കി.
ശബരിമല സ്വർണപ്പാളി വിവാദത്തിൽ കൃത്യമായ അന്വേഷണം നടക്കുമെന്ന് മുൻ ദേവസ്വം പ്രസിഡൻ്റ്
