നമ്മള് കഴിക്കുന്ന ഭക്ഷണം തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. പ്രായമാകുമ്പോഴുണ്ടാകുന്ന ഓര്‍മക്കുറവും വൈജ്ഞാനിക തകര്‍ച്ചയും മികച്ച ഭക്ഷണക്രമത്തിലൂടെ ലഘൂകരിക്കാനാകുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. അക്കാദമി ഓഫ് ന്യൂട്രിഷന്‍ ആന്റ് ഡയബറ്റീസ് പ്രസിദ്ധീകരിച്ച പഠനത്തില്‍ ബ്രെയിന്‍ ഫ്രണ്ട്ലിയായ മൈന്‍ഡ് ഡയറ്റ് പിന്തുടരുന്നത് ഓര്‍മശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് പറയുന്നു. മെഡിറ്ററേനിയന്‍ ഭക്ഷണരീതിയും ഡാഷ് ഡയറ്റും ചേര്‍ന്നതാണ് മൈന്‍ഡ് ഡയറ്റ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, നട്സ്, ഒലിവ് ഓയില്‍, മത്സ്യം എന്നിവയുടെ സമീകൃത ഉപഭോഗം. കൂടാതെ ചുവന്ന മാംസവും സംസ്കരിച്ച ഭക്ഷണങ്ങളും പരിമിതപ്പെടുത്തുന്നു. മിതമായ വീഞ്ഞ് ഉപഭോഗം എന്നിവയാണ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുന്നത്. ഇത് പ്രായമായവരില്‍ വൈജ്ഞാനിക തകര്‍ച്ചയെ മന്ദഗതിയിലാക്കുമെന്നും പഠനം പറയുന്നു. മൈന്‍ഡ് ഡയറ്റില്‍ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍, തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നവയാണ്. ഇവ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയതും ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ളതുമാണ്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഇന്ഫ്ലമേഷന് കുറയ്ക്കുകയും ഓര്‍മക്കുറവ് തടയുകയും ചെയ്യും. ബൗദ്ധികാരോഗ്യത്തിനു പുറമെ പോഷകഗുണങ്ങളും ഇതിനുണ്ട്. ടൈപ്പ് 2 പ്രമേഹം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും മൈന്‍ഡ് ഡയറ്റ് പിന്തുടരുന്നതിലൂടെ സാധിക്കും. ഡയറ്ററി അപ്രോച്ചസ് ടു സ്റ്റോപ്പ് ഹൈപ്പര്ടെന്ഷന് (ഡാഷ്) ഡയറ്റ് ശരീരത്തിലെ രക്തസമ്മര്‍ദത്തിന്റെ അളവ് നിയന്ത്രിക്കുന്നതിനാണ് നിര്‍മിച്ചിരിക്കുന്നത്. കൂടാതെ സോഡിയം, പൂരിത കൊഴുപ്പുകള്‍, അധിക പഞ്ചസാര എന്നിവയുടെ അളവ് കുറയ്ക്കുന്നതിനൊപ്പം പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ലീന്‍ പ്രോട്ടീനുകള്‍, കൊഴുപ്പ് കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
മൈന്‍ഡ് ഡയറ്റ് പിന്തുടരുന്നത് ഓര്‍മശക്തി മെച്ചപ്പെടുത്തും
