ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 തിയേറ്ററുകളില്‍ മുന്നേറുകയാണ്. 2018 ലെ പ്രളയകാലം സ്‌ക്രീനില്‍ എത്തിച്ചിരിക്കുന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയേറ്ററുകളില്‍ എത്തിയത്. കേരളമെമ്പാടും റിലീസ് ദിനത്തില്‍ രാവിലെ മള്‍ട്ടിപ്ലെക്സുകളില്‍ ചെറിയ സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെങ്കില്‍ വൈകുന്നേരത്തോടെ ഏറ്റവും വലിയ സ്‌ക്രീനുകളിലേക്ക് മാറ്റുകയായിരുന്നു നിരവധി എക്സ്ട്രാ ഷോകളാണ് റിലീസ് ദിനത്തില്‍ നടന്നത്. എന്നാല്‍ എക്സ്ട്രാ ഷോകളുടെ കാര്യത്തില്‍ രണ്ടാം ദിനം റിലീസ് ദിനത്തെ മറികടന്നെന്നാണ് പുറത്തെത്തുന്ന വിവരം. ശനിയാഴ്ച അര്‍ധരാത്രി ചിത്രത്തിന്റെ 67 സ്പെഷല്‍ ഷോകളാണ് നടന്നതെന്നാണ് പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍. കളക്ഷനിലും ഈ മുന്നേറ്റം ദൃശ്യമാവും. ആദ്യദിനം കേരളത്തില്‍ നിന്ന് ചിത്രം 1.85 കോടി നേടിയെന്നാണ് കണക്കുകള്‍. ഇതിന്റെ ഇരട്ടിയിലേറെ, 3.2 കോടി മുതല്‍ 3.5 കോടി വരെയാണ് ചിത്രം കേരളത്തില്‍ നിന്ന് രണ്ടാം ദിനം നേടിയ കളക്ഷനെന്ന് അറിയിക്കുന്നു. അതേസമയം കളക്ഷന്‍ സംബന്ധിച്ച കണക്കുകളൊന്നും നിര്‍മ്മാതാക്കള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ചയുള്ള ഷോകളില്‍ പലതും ഇതിനകം ഹൗസ്ഫുള്‍ ആയിട്ടുണ്ട്.