ബിഗ് ബില്യണ്‍ ഡേ, ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലുകളിലൂടെ ഫ്‌ലിപ്കാര്‍ട്ടും ആമസോണും ഇന്ത്യയില്‍ സ്വന്തമാക്കിയത് റെക്കോര്‍ഡ് വില്‍പന. കഴിഞ്ഞ ദിവസം സമാപിച്ച വില്‍പ്പനയില്‍ ആപ്പിള്‍ ഐഫോണുകള്‍ പുതിയ റെക്കോര്‍ഡ് കുറിച്ചു. സെയിലിന്റെ ആദ്യ ആഴ്ചയില്‍ തന്നെ ഐഫോണ്‍ വില്‍പ്പന 1.5 ദശലക്ഷം യൂണിറ്റ് കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനത്തിലധികം വളര്‍ച്ച. ആദ്യ 48 മണിക്കൂറിനുള്ളില്‍ ആമസോണിലും ഫ്‌ലിപ്കാര്‍ട്ടിലും വിറ്റഴിച്ച ഫോണുകളില്‍ 80 ശതമാനവും 5ജി ശേഷിയുള്ളവയായിരുന്നു. പ്രീമിയം ശ്രേണിയിലുള്ള ഫോണുകളുടെ വില്‍പ്പനയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ വലിയ വളര്‍ച്ചയാണ് ഫ്‌ലിപ്കാര്‍ട്ട് നേടിയത്. ഐഫോണ്‍ 14, ഗാലക്സി എസ് 21 എഫ്ഇ എന്നീ മോഡലുകളാണ് പ്രീമിയ കാറ്റഗറിയില്‍ ഫ്‌ലിപ്കാര്‍ട്ട് കൂടുതല്‍ വിറ്റഴിച്ചത്. അതേസമയം ആമസോണില്‍, പ്രീമിയം സെഗ്മെന്റ് വളര്‍ച്ച ഏകദേശം 200 ശതമാനമാണ്. ഐഫോണ്‍ 13, ഗാലക്സി എസ് 23 എഫ്ഇ എന്നീ മോഡലുകളാണ് കൂടുതല്‍ വിറ്റഴിക്കപ്പെട്ട മോഡല്‍. ഈ വര്‍ഷം ഐഫോണ്‍ 14, ഐഫോണ്‍ 13, ഐഫോണ്‍ 12 എന്നീ മോഡലുകള്‍ക്ക് ഉയര്‍ന്ന ഡിമാന്റാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഐഫോണ്‍ 13-ന് മാത്രമായിരുന്നു കൂടുതല്‍ ഡിമാന്റുണ്ടായിരുന്നത്. സാംസങ് ഗാലക്സി എസ് 21 എഫ്ഇക്കും ഏറെ ആവശ്യക്കാരുണ്ടായി. ഫ്‌ലിപ്കാര്‍ട്ടില്‍ വില്‍പ്പന ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷം മോഡല്‍ വിറ്റുതീര്‍ന്നിരുന്നു. 10,000-15,000 രൂപ വിലയുള്ള 5ജി ഫോണുകള്‍ ഇപ്രാവശ്യം വമ്പന്‍ വില്‍പനയാണ് നേടിയത്. റിയല്‍മി നാര്‍സോ 60എക്‌സ്, ഗാലക്‌സി എം14 5ജി, എം34 5ജി എന്നിവ ആമസോണില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടവയാണ്, അതേസമയം വിവോ ടി2എക്‌സ് ഫ്‌ലിപ്കാര്‍ട്ടില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടു.