വിചിത്ര ഭാവനകളുടെ പായ്മരം കെട്ടിയ വഞ്ചിയാണ് ഈ പുസ്തകം. തുഴഞ്ഞു നാമെത്തുന്നത്, അടിമുടി പരിക്കേറ്റവരുടെ ഒരു തുരുത്തിലാണ്. ‘ഇതല്ല ജീവിതം.. ഇതല്ല ജീവിതം’ എന്ന വീണ്ടു വിചാരത്തിന്റെ മിന്നലേറ്റ് നീലിച്ചുപോയ മനുഷ്യരാണവര്‍. നാമണഞ്ഞ ജീവിതത്തിനും, നാം തിരഞ്ഞ ജീവിതത്തിനുമിടയിലുള്ള ദീര്‍ഘനിശ്വാസത്തിന്റെ ചുടുകാറ്റ് മീതെ വീശുന്നുണ്ട്. എന്നിട്ടും, ഇരുട്ടിപ്പിഴിഞ്ഞ വെളിച്ചം എന്നൊക്കെ പറയാറുമാറ്, പ്രസാദത്തിന്റെ ഒരു കനല്‍ വായനക്കാരനെ തേടിയെത്തുന്നു. ‘പോയിന്റ് ഓഫ് നോ റിട്ടേര്‍ണി’ലല്ല ആരുമെന്ന് സാരം. കടല്‍ പിന്‍വാങ്ങി കരയെ ഇടമാക്കുന്നതുപോലെ, ഒടുവില്‍ കഥയും കഥാപാത്രങ്ങളുമൊക്കെ പിന്‍വാങ്ങി, അകക്കാമ്പില്‍ പ്രഭയുള്ളൊരു വായനക്കാരന്‍ മാത്രം ബാക്കിയാവുന്നു. ‘ഏഴാം ഭ്രാന്തന്‍’. ആന്‍ഷൈന്‍ തോമസ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 209 രൂപ.