◼️പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട് ഉടമകളായ 28 കോടി പേരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. യുക്രെയ്നില്‍ നിന്നുള്ള സൈബര്‍ സുരക്ഷാ ഗവേഷകനായ ബോബ് ഡയചെങ്കോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍), പേരുകള്‍, ആധാര്‍ വിശദാംശങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ ചോര്‍ന്നതായാണ് വെളിപെടുത്തല്‍.
◼️സംസ്ഥാനത്ത് കൂടുതല്‍ ഡാമുകള്‍ തുറക്കുന്നു. ഇടുക്കിയില്‍ ജനവാസ മേഖലയിലേക്കു വെള്ളം കയറി. ആശങ്ക വേണ്ടെന്ന് റവന്യു മന്ത്രി കെ. രാജന്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139.15 അടിയായി ഉയര്‍ന്നു. സെക്കന്റില്‍ അയ്യായിരം ഘനയടി വെള്ളം ഒഴുക്കി വിടുന്നുണ്ട്. എല്ലാ ഷട്ടറുകളും 60 സെന്റിമീറ്റര്‍ ഉയര്‍ത്തി. വയനാട്ടിലെ ബാണാസുരസാഗര്‍, കോഴിക്കോട്ടെ കക്കയം ഡാമുകളും തുറന്നു. മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉര്‍ത്തി. ഇടമലയാര്‍ ഡാം നാളെ തുറക്കും.
◼️
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്‍കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◼️വൈദ്യുതി ഭേദഗതി ബില്‍ കൂടുതല്‍ പരിശോധനക്കായി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു വിടും. ലോക്സഭയില്‍ അവതരിപ്പിച്ച ബില്ലിനെതിരേ പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചു. ഈ സാഹചര്യത്തിലാണ് കമ്മിറ്റിയുടെ പരിശോധനയ്ക്കു വിടാന്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരുകളെയും റഗുലേറ്ററി കമ്മീഷനെയും ബില്‍ നോക്കുകുത്തിയാക്കുമെന്ന് കോണ്‍ഗ്രസ്, സിപിഎം, തൃണമൂല്‍, ആര്‍എസ്പി തുടങ്ങിയ കക്ഷികള്‍ കുറ്റപ്പെടുത്തി.
◼️ദേശീയ പാത നിര്‍മാണത്തിലെ ക്രമക്കേടിന് ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയെ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. 2006- 12 കാലഘട്ടത്തില്‍ ദേശീയ പാത നിര്‍മിച്ചതില്‍ ക്രമക്കേട് നടന്നെന്നാണ് കുറ്റപത്രത്തിലെ ആരോപണം. ദേശീയ പാത ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കാന്‍ സിബിഐയ്ക്ക് അനുമതി ലഭിച്ചില്ല.
◼️സാറ്റലൈറ്റ് ഫോണുമായി 2017 ല്‍ നെടുമ്പാശേരിയില്‍ പിടിയിലായ യുഎഇ പൗരനെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടുനിന്നെന്ന് സ്വപ്ന സുരേഷ്. നിരോധിത ഫോണ്‍ കൈവശം വച്ചതിന് സിഐഎസ്എഫ് നല്‍കിയ പരാതിയില്‍ ഇയാള്‍ക്കെതിരേ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരുന്നു. ഇയാള്‍ക്കു ജാമ്യത്തിനായി ശിവശങ്കറും മുഖ്യമന്ത്രിയും ഇടപെട്ടെന്നാണ് സ്വപ്നയുടെ ആരോപണം.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖
◼️അമിതപലിശയും ലാഭവീതവും വാഗ്ദാനംചെയ്ത് പൊലീസുകാരെപ്പോലും കബളിപ്പിച്ച് ഒന്നരക്കോടി രൂപയുമായി മുങ്ങിയ മുന്‍ പൊലീസുകാരനെ തമിഴ്നാട്ടില്‍നിന്ന് അറസ്റ്റു ചെയ്തു. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അമീര്‍ ഷാ(43)ആണ് അറസ്റ്റിലായത്. പൊലീസ് സൊസൈറ്റിയില്‍നിന്ന് വായ്പയെടുപ്പിച്ചാണ് സഹപ്രവര്‍ത്തകരില്‍നിന്നായി അഞ്ചുലക്ഷം മുതല്‍ 25 ലക്ഷംവരെ ഇയാള്‍ തട്ടിയെടുത്തത്.
◼️കോഴിക്കോട്ട് ബാലഗോകുലം സംഘടിപ്പിച്ച അമ്മമാരുടെ പരിപാടിയില്‍ മേയര്‍ എന്ന നിലയിലാണു പങ്കെടുത്തതെന്നു മേയര്‍ ബീനാ ഫിലിപ്പ്. ബാലഗോകുലം ആര്‍എസ്എസിന്റെ പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ല. കുട്ടികളെ ഉണ്ണിക്കണ്ണനെ പോലെ കരുതണമെന്നാണ് പറഞ്ഞത്. പരിപാടിക്കു പോകരുതെന്ന് പാര്‍ട്ടി വിലക്കിയിട്ടില്ല. വിവാദമുണ്ടായതില്‍ ഏറെ ദുഖമുണ്ടെന്നും മേയര്‍ പറഞ്ഞു.
◼️ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത മേയറുടെ നടപടി പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്നു സിപിഎം. പാര്‍ട്ടി ഒരിക്കലും ഇത് അംഗീകരിക്കില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രസ്താവനയില്‍ പറഞ്ഞു.
◼️തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഹാജര്‍ പുസ്തകത്തില്‍ ഒപ്പുവച്ചു മുങ്ങിയ എട്ടു ഡോക്ടര്‍മാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. മൂന്നു ഡോക്ടര്‍മാര്‍ മാത്രമേ ഒപിയില്‍ ഉണ്ടായിരുന്നുള്ളൂ. ആരോഗ്യ മന്ത്രി വീണ ജോര്‍ജ് സന്ദര്‍ശിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ മുങ്ങിയതു കണ്ടെത്തിയത്.
◼️ആശുപത്രികളില്‍ റെയ്ഡ് നടത്തി ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുക്കുന്ന വീണ ജോര്‍ജ് ആരോഗ്യമന്ത്രിയായി തുടര്‍ന്നാല്‍ ആരോഗ്യ മേഖല തകരുമെന്ന് ഐഎംഎ തിരുവല്ല മേഖല പ്രസിഡന്റ് ഡോക്ടര്‍ രാധാകൃഷ്ണന്‍. മുങ്ങിയ ഡോക്ടര്‍മാര്‍ക്കെതിരേ നടപടിയെടുത്താല്‍ സമരത്തിനിറങ്ങുമെന്ന ഭീഷണിയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്ത്.
◼️സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കോഴിക്കോട് പന്തിരിക്കര സ്വദേശി ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്ന് പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. ഇര്‍ഷാദ്, മിസ്ഹര്‍, ഷാനവാസ് എന്നിവരാണ് കല്‍പ്പറ്റ സിജെഎം കോടതിയില്‍ കീഴടങ്ങിയത്. അറുപത് ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് ഇര്‍ഷാദ് നാട്ടിലെത്തിച്ച ശേഷം മറ്റൊരു സംഘത്തിന് കൈമാറിയതെന്നാണ് ആരോപണം.
◼️മകന്‍ ജസീലിനെ ദുബായിയില്‍ സ്വര്‍ണക്കടത്തു സംഘം ബന്ദിയാക്കിയെന്ന് മൂന്നു മാസം മുമ്പ് കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നെന്ന് പിതാവ് കണ്ണൂര്‍ സ്വദേശി ജലീല്‍. പന്തിരിക്കരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി ഇര്‍ഷാദിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ തുടര്‍ച്ചയായാണ് ഈ വിവരം പുറത്തുന്നത്. ദുബായില്‍നിന്ന് ഭീഷണി കോള്‍ വന്നതിന്റെ പിന്നാലെയാണ് പരാതി നല്‍കിയത്. അന്വേഷണം നടക്കുന്നുണ്ടെന്നാണു സ്റ്റേഷനില്‍നിന്നു മറുപടി ലഭിക്കാറുള്ളതെന്നും ജലീല്‍ പറഞ്ഞു.
◼️പ്രതിഷേധങ്ങളെത്തുടര്‍ന്ന് ആലപ്പുഴ കളക്ടര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത ശ്രീറാം വെങ്കിട്ടരാമന്‍ സപ്ലൈക്കോയില്‍ ജനറല്‍ മാനേജരായി ചുമതലയേറ്റു. മാാധ്യമ പ്രവര്‍ത്തകനായിരുന്ന കെ എം ബഷീര്‍ കാറിടിച്ച് കൊലപ്പെട്ട കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം വിവാദമായിരുന്നു.
◼️കേന്ദ്ര സര്‍ക്കാരിന്റെ വൈദ്യുതി നിയമ ഭേദഗതി ബില്ലിന് എതിരെ മന്ത്രി കെ കൃഷ്ണന്‍കുട്ടി. വൈദ്യുതി മേഖലയില്‍ സ്വകാര്യവത്കരണം നടപ്പാക്കുന്നതിനുള്ള ബില്ലിനെതിരെ പ്രതിഷേധം ഉയരണം. പൊതുമേഖലയെ സംരക്ഷിക്കാനാണ് കെഎസ്ഇബി അടക്കമുള്ള പൊതുസ്ഥാപനങ്ങളില്‍ ഇന്നു സമരം നടത്തുന്നത്. അറ്റകുറ്റപണികള്‍ തടസമില്ലാതെ തുടരുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.
◼️പൊതുമരാമത്ത് വകുപ്പിലെ തര്‍ക്കംമൂലം പല ജോലികളും ടെന്‍ഡര്‍ ചെയ്യാന്‍ വൈകിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. റോഡിലെ കുഴികളുടെ കാര്യത്തില്‍ മന്ത്രി പറഞ്ഞത് വസ്തുതാപരമല്ല. പണം അനുവദിച്ചെന്നാണ് മന്ത്രി പറഞ്ഞത്. ദേശീയ പാതയിലെ കുഴികള്‍ക്ക് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഉത്തരവാദികളാണ്. സതീശന്‍ പറഞ്ഞു.
◼️ട്രെയിനിടിച്ചു മരിച്ചയാളുടെ തല വീട്ടുമുറ്റത്ത്. ആലപ്പൂഴ ചേപ്പാട് ചൂരക്കട്ട് ഉണ്ണികൃഷ്ണന്‍ നായരുടെ വീട്ടുമുറ്റത്താണു തല കണ്ടെത്തിയത്. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നായ കടിച്ചെടുത്ത് കൊണ്ടിട്ടതാണെന്നു ബോധ്യമായത്. ചിങ്ങോലി മണ്ടത്തേരില്‍ തെക്കതില്‍ ചന്ദ്രബാബുവാണ് മരിച്ചത്. മറ്റു ശരീര ഭാഗങ്ങള്‍ ചേപ്പാട് ഇലവുകുളങ്ങര റെയില്‍വെ ക്രോസില്‍ കണ്ടെത്തി.
◼️കോഴിക്കോട് തിരുവമ്പാടി സ്വദേശി കാളിയാംപുഴ പാണ്ടിക്കുന്നേല്‍ ബേബിയുടെ മകന്‍ രാജേഷ് ജോണ്‍ കാനഡയില്‍ വെള്ളച്ചാട്ടത്തിനരികില്‍ മരിച്ച നിലയില്‍. പുലര്‍ച്ചെ മീന്‍പിടിക്കാന്‍ പോയതായിരുന്നു.
◼️അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരണം. ഷോളയൂര്‍ ഊത്തുക്കുഴിയിലെ സജിത – ഷാജി ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്.
◼️കോടതിയില്‍നിന്നു ചാടിപ്പോയ കുപ്രസിദ്ധ മോഷ്ടാവ് കാഞ്ഞങ്ങാട് പെരിയാട്ടടുക്കം റിയാസിനെ ഭാര്യവീട്ടില്‍നിന്നു പിടികൂടി. കഴിഞ്ഞ മാസം 22 ന് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍നിന്നാണ് ഇയാള്‍ ചാടിപ്പോയത്.
◼️അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം അപമാനകരമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നും പിഴവുകള്‍ തിരുത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു സുധീരന്‍ കത്തെഴുതി.
◼️ജെഇഇ മെയിന്‍ പരീക്ഷയില്‍ കേരളത്തില്‍നിന്ന് തോമസ് ബിജു ചീരംവേലിക്ക് നൂറു ശതമാനം മാര്‍ക്ക്. 24 പേര്‍ നൂറ് ശതമാനം മാര്‍ക്ക് നേടി. ഫലം വെബ് സൈറ്റില്‍ പരിശോധിക്കാം.
◼️കോട്ടയം സ്വദേശിയും വ്യോമസേനയില്‍ എയര്‍ വൈസ് മാര്‍ഷലുമായ ബി മണികണ്ഠന് എയര്‍ മാര്‍ഷലായി സ്ഥാനക്കയറ്റം.
◼️കാര്യക്ഷമമായി ജോലി ചെയ്യുന്നില്ലെങ്കില്‍ രാജിവച്ചു പുറത്തുപോകണമെന്ന് ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരോട് കേന്ദ്രമന്ത്രി. ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് ബിഎസ്എന്‍എല്ലിലെ 62,000 തൊഴിലാളികള്‍ക്കു താക്കീതു നല്‍കുന്ന മന്ത്രിയുടെ ശബ്ദരേഖ പുറത്തുവന്നു.
◼️മംഗ്ലൂരു സുള്ള്യയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. അബിദ്, നൗഫല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ ആകെ ആറ് പേരാണ് കേസില്‍ അറസ്റ്റിലായത്. എല്ലാവരും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ്.
◼️ഉത്തര്‍പ്രദേശിലെ നോയിഡയില്‍ സ്ത്രീയെ അപമാനിച്ച ബിജെപി നേതാവ് ശ്രീകാന്ത് ത്യാഗിയുടെ കയ്യേറ്റ കെട്ടിടങ്ങള്‍ യുപി സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ചു തകര്‍ത്തു. നോയിഡ ഹൗസിംഗ് സൊസൈറ്റിയിലെ ശ്രീകാന്ത് ത്യാഗിയുടെ ഫ്ളാറ്റുകളാണ് ഇടിച്ചുനിരത്തിയത്. കയ്യേറ്റത്തെ കുറിച്ച് ചോദ്യം ചെയ്ത സ്ത്രീയെ മര്‍ദിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
◼️ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പി വി സിന്ധുവിന് സ്വര്‍ണം. കാനഡയുടെ മിഷേല്‍ ലിയെ തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം നേടിയത്. ഇന്ന് ഇന്ത്യക്ക് അഞ്ച് സ്വര്‍ണ മെഡല്‍ പോരാട്ടങ്ങളായിരുന്നു. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലക്ഷ്യ സെന്നും കലാശപ്പോരിനായി കളത്തിലിറങ്ങിയിരിക്കുയാണ്. ഇതിന് പിന്നാലെ പുരുഷ ഡബിള്‍സ് ഫൈനലില്‍ ചിരാഗ് ഷെട്ടി, സാത്വിക് സായ് രാജ് സഖ്യവും സ്വര്‍ണപ്രതീക്ഷയുമായാണ് ഇറങ്ങുന്നത്. ടേബിള്‍ ടെന്നിസ് സിംഗിള്‍സില്‍ അജന്ത ശരത് കമലും പുരുഷ ഹോക്കി ടീം ഫൈനലില്‍ ഓസ്ട്രേലിയയെ നേരിടുന്നതും സ്വര്‍ണകിലുക്കം പ്രതീക്ഷിച്ചാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തിരശീലവീഴും. രാത്രി പന്ത്രണ്ടരയ്ക്ക് സമാപന ചടങ്ങുകള്‍ക്ക് തുടക്കമാവും.
◼️ലോകത്ത് ഏറ്റവുമധികം വിദേശ നാണയശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് നാലാംസ്ഥാനം. റഷ്യയെ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ നാലാമതെത്തിയത്. ചൈന, ജപ്പാന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. തുടര്‍ച്ചയായ നാല് ആഴ്ചകളിലെ നഷ്ടത്തിന് വിരാമമിട്ട് ജൂലായ് 29ന് സമാപിച്ചവാരം ഇന്ത്യയുടെ വിദേശ നാണയശേഖരം 240 കോടി ഡോളര്‍ ഉയര്‍ന്ന് 57,390 കോടി ഡോളറായിട്ടുണ്ട്. ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്ന് വിദേശനിക്ഷേപം കൊഴിഞ്ഞതും പലിശനിരക്ക് തുടര്‍ച്ചയായ കൂട്ടുന്ന അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ നിലപാടിനുപിന്നാലെ ഡോളര്‍ ശക്തിയാര്‍ജ്ജിതുമാണ് മുന്‍ ആഴ്ചകളില്‍ തിരിച്ചടിയായത്. രൂപയുടെ തളര്‍ച്ചയുടെ ആക്കംകുറയ്ക്കാന്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് റിസര്‍വ് ബാങ്കിന് വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കേണ്ടി വന്നിരുന്നു.
◼️റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് 0.50 ശതമാനം വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ വായ്പാ പലിശനിരക്കുയര്‍ത്തി കൂടുതല്‍ വാണിജ്യബാങ്കുകള്‍. ഐ.സി.ഐ.സി.ഐ ബാങ്ക് ആഗസ്റ്റ് അഞ്ചിന് പ്രാബല്യത്തില്‍ വന്നവിധം എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റ് 9.10 ശതമാനമായി ഉയര്‍ത്തി. കനറാ ബാങ്ക് റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ് ആഗസ്റ്റ് ഏഴിന് പ്രാബല്യത്തില്‍ വന്നവിധം 7.80 ശതമാനത്തില്‍ നിന്ന് 8.30 ശതമാനത്തിലേക്ക് ഉയര്‍ത്തി. റിപ്പോ വര്‍ദ്ധനയ്ക്ക് ആനുപാതികമായി ബാങ്ക് ഒഫ് ബറോഡ അടിസ്ഥാനനിരക്ക് 7.95 ശതമാനമായി പുനര്‍നിശ്ചയിച്ചു. ആഗസ്റ്റ് ആറിന് പ്രാബല്യത്തില്‍ വന്നു. ഉപഭോക്താവിന്റെ ജോലി, സിബില്‍ സ്‌കോര്‍, വായ്പാത്തുക എന്നിവയുടെ അടിസ്ഥാനത്തില്‍ പലിശനിരക്കില്‍ വ്യത്യാസമുണ്ടാകും. 7.95 മുതല്‍ 9.30 ശതമാനം വരെ പലിശയാണ് ബാങ്ക് ഈടാക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്ക് 7.4ല്‍ നിന്ന് 7.9 ശതമാനത്തിലേക്കാണ് ആര്‍.എല്‍.എല്‍.ആര്‍ പരിഷ്‌കരിച്ചത്.
◼️സുരേഷ് ഗോപി നായകനായെത്തിയ പാപ്പന്‍ ജൂലൈ 29നാണ് തീയേറ്ററുകളിലെത്തിയത്. നീണ്ട കാലത്തിന് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രം ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ തന്നെ ഹിറ്റായിരുന്നു. റിലീസ് ചെയ് 10 ദിവസത്തിന് ഉള്ളില്‍ തന്നെ പാപ്പന്‍ 30 കോടിയാണ് പിന്നിട്ടിരിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നായി 30. 43 കോടി രൂപയാണ് ഈ സുരേഷ് ഗോപി ചിത്രം നേടിയിരിക്കുന്നത്. പാപ്പന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയും പാപ്പന്‍ നേടി. കഴിഞ്ഞ തിങ്കളാഴ്ച 1.72 കോടിയും ചിത്രം നേടിയിരുന്നു. കേരളത്തില്‍ നിന്ന് ചിത്രം ഒരാഴ്ച നേടിയ കളക്ഷന്‍ 17.85 കോടിയാണ്.
◼️ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് ‘തിരുചിത്രമ്പലം’. മിത്രന്‍ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസന്‍ എന്നിവരുമായി ചേര്‍ന്ന് മിത്രന്‍ ജവഹര്‍ തന്നെ തിരക്കഥ എഴുതുന്നു. ‘തിരുചിത്രമ്പലം’ എന്ന ധനുഷ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
‘തിരുചിത്രമ്പലം’ രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത് . ഓഗസ്റ്റ് 18ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. നിത്യ മേനന്‍, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രകാശ് രാജും ചിത്രത്തിലുണ്ട്. തിയറ്ററുകളില്‍ തന്നെയാണ് ധനുഷ് ചിത്രം റിലീസ് ചെയ്യുന്നത്.
◼️മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോ ജിപി ശ്രേണിയുടെ 2022 എഡിഷന്‍ അവതരിപ്പിച്ച് യമഹ മോട്ടോര്‍ ഇന്ത്യ. സൂപ്പര്‍ സ്പോര്‍ട്ട് വൈ.ഇസഡ്.എഫ് – ആര്‍15 എം., ദ ഡാര്‍ക്ക് വാരിയര്‍ എം.ടി-15 വി2.0, ദ മാക്‌സി സ്പോര്‍ട്‌സ് സ്‌കൂട്ടര്‍ ഏറോക്‌സ് 155, റേ ഇസഡ്.ആര്‍ 125 എഫ്.ഐ ഹൈബ്രിഡ് എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ എഡിഷന്‍. യമഹയുടെ ‘ദ കോള്‍ ഒഫ് ദ ബ്ളൂ’ കാമ്പയിന്റെ ഭാഗമായി ബ്ളൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റ്‌സില്‍ പുത്തന്‍ മോഡലുകള്‍ ലഭിക്കും. സൂപ്പര്‍ സ്പോര്‍ട്ട് വൈ.ഇസഡ്.എഫ് – ആര്‍15 എമ്മിന് 1.91 ലക്ഷം രൂപ, ദ ഡാര്‍ക്ക് വാരിയര്‍ എം.ടി-15 വി2.0ന് 1.65 ലക്ഷം രൂപ, റേ ഇസഡ്.ആര്‍ 125എഫ്.ഐ ഹൈബ്രിഡിന് 87,330 രൂപ എന്നിങ്ങനെയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. മാക്‌സി സ്പോര്‍ട്‌സ് സ്‌കൂട്ടര്‍ ഏറോക്‌സ് 155ന്റെ വില പിന്നീട് വെളിപ്പെടുത്തും.
◼️കഥ എങ്ങനെ എഴുതണമെന്ന് നല്ല നിശ്ചയമുള്ള എഴുത്തുകാരനാണ് ആന്റണി മോഹന്‍. ചെറുതും വലുതുമായ 24 കഥകളാണ് വായനക്കാര്‍ക്കായി സമര്‍പ്പിച്ചിട്ടുള്ളത്. ഈ കഥകളില്‍ പലതും പേനയ്ക്ക് പകരം ഹൃദയംകൊണ്ട് എഴുതിയ കഥകളാണ്. ഒറ്റയിരുപ്പില്‍ തന്നെ മുഴുവന്‍ കഥകളും വായിച്ചു തീര്‍ക്കാന്‍ പാകത്തിലുള്ള ഒരു രചനാതന്ത്രം. ‘ആളൊഴിഞ്ഞ വീഥികള്‍’. ആന്റണി മോഹന്‍ ചിറയിന്‍കീഴ്. ഗ്രീന്‍ ബുക്സ്. വില 180 രൂപ.
◼️കടുത്ത മാനസികസംഘര്‍ഷവും കഴുത്ത് വേദന തുടങ്ങിയവ മൈഗ്രെയ്നിന്റെ പ്രധാന കാരണങ്ങളാണ്. തലയിലും തോളിലും നടുവിനും ചെയ്യുന്ന മസാജിലൂടെ ശരീരത്തിലെ മസിലുകളിലെ മുറുക്കം കുറയ്ക്കുകയും രക്തയോട്ടം കൂടുകയും ചെയ്യും. തലയോട്ടിയിലേക്കുള്ള രക്തയോട്ടം കൂട്ടി തലവേദന ഇല്ലാതാക്കാനും ഈ മസാജ് കൊണ്ട് സാധിക്കും. എണ്ണ തേച്ചുള്ള മസാജ് തലയോട്ടിയിലും ഹെയര്‍ ഫോളിക്കിളിലും ഓക്സിജന്‍ ധാരാളം എത്തിക്കുകയും ഉണര്‍വ് നല്‍കുകയും ചെയ്യും. മുടി വളരാന്‍ ഏറ്റവും സഹായകരം. ചെറു ചൂട് വെളിച്ചെണ്ണയോ ആവണക്കെണ്ണയോയാണ് ഉത്തമം. ശരീരത്തിന് ഉണര്‍വും ഉന്മേഷവും ലഭിക്കുമ്പോള്‍ ഒരു പരിധി വരെ സമ്മര്‍ദ്ദവും കുറയും. മസാജ് ചെയ്യുമ്പോള്‍ തലയിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിക്കുന്നു. അത് വഴി ലഭിക്കുന്ന ഓക്‌സിജന്‍ അനാവശ്യ ഉത്കണ്ഠ, ആകാംക്ഷ, നിരാശ എന്നിവ ഒഴിവാക്കാന്‍ പ്രാപ്തരാക്കുന്നു. ഓര്‍മശക്തി കൂടാന്‍ സഹായിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 79.55, പൗണ്ട് – 96.26, യൂറോ – 81.05, സ്വിസ് ഫ്രാങ്ക് – 82.98, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.36, ബഹറിന്‍ ദിനാര്‍ – 211.01, കുവൈത്ത് ദിനാര്‍ -259.23, ഒമാനി റിയാല്‍ – 206.91, സൗദി റിയാല്‍ – 21.16, യു.എ.ഇ ദിര്‍ഹം – 21.66, ഖത്തര്‍ റിയാല്‍ – 21.85, കനേഡിയന്‍ ഡോളര്‍ – 61.63.