ബുക്കിങ് ആരംഭിച്ച് മൂന്ന് മിനിറ്റിനുള്ളില്‍ ഇന്ത്യയിലേക്കുള്ള മുഴുവന്‍ സ്റ്റോക്കും വിറ്റുതീര്‍ന്ന് റോയല്‍ എന്‍ഫീല്‍ഡിന്റെ എക്സ്‌ക്ലൂസീവ് ഷോട്ട്ഗണ്‍ 650 എക്‌സ് റഫ് ക്രാഫ്റ്റ്സ്. തായ്വാനീസ് കസ്റ്റം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റഫ് ക്രാഫ്റ്റ്സുമായി സഹകരിച്ച് നിര്‍മ്മിച്ച ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍സൈക്കിളാണിത്. 5.75 ലക്ഷം രൂപ ആയിരുന്നു വില. ലോകമെമ്പാടുമുള്ള വിപണികള്‍ക്കായി പ്രത്യേകം നമ്പര്‍ ചെയ്ത 100 മോട്ടോര്‍സൈക്കിളുകള്‍ മാത്രമാണ് കമ്പനി നിര്‍മ്മിച്ചത്. അതില്‍ 25 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യയിലെത്തിയത്. ലോകമെമ്പാടുമുള്ള 9,000ലധികം ആരാധകര്‍ വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് രജിസ്റ്റര്‍ ചെയ്തിരുന്നു. ഡ്യുവല്‍-ടോണ്‍ ഗ്ലോസ് ജെറ്റ് ബ്ലാക്ക്, മാറ്റ് സ്റ്റെല്‍ത്ത് ബ്ലാക്ക് പെയിന്റ് സ്‌കീം ആണ് സ്പെഷ്യല്‍ എഡിഷനെ വ്യത്യസ്തമാക്കുന്നത്. റഫ് ക്രാഫ്റ്റ്സ് സ്ഥാപകന്‍ വിന്‍സ്റ്റണ്‍ യെഹ് ഒപ്പിട്ട ഒരു നമ്പര്‍ ചെയ്ത കലാസൃഷ്ടിയും വാങ്ങുന്നവര്‍ക്ക് ലഭിക്കും.
