ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോട്ടറി വ്യവസായി സാന്‍റിയാഗോ മാർട്ടിനെതിരായ അന്വേഷണ വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 2014 ൽ തുടങ്ങിയ അന്വേഷണ വിവരങ്ങളാണ് പുറത്തുവന്നത്. ലോട്ടറിയിലൂടെ മാർട്ടിന് 15000 കോടി രൂപയുടെ വിറ്റ് വരവ് നടന്നെന്നും മാർട്ടിനുമായി ബന്ധപ്പെട്ട് ഇതുവരെ ആയിരം കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇതിൽ 622 കോടി രൂപ ഇഡി കൊച്ചി യൂണിറ്റാണ് കണ്ടുകെട്ടിയതെന്നും ഇ ഡി പറയുന്നു. സുഹൃത്തുക്കളെയും ബന്ധുക്കളെയും ലോട്ടറി വിതരണക്കാരാക്കിയാണ് തട്ടിപ്പ് നടന്നത്. വിൽക്കാത്ത ടിക്കറ്റുകൾക്ക് സമ്മാനം നൽകുകയും പിന്നീട് ഈ ടിക്കറ്റുകൾ ഉപയോഗിച്ച് വസ്തുക്കൾ വാങ്ങുകയും ചെയ്തു . 1500 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് മേഘാലയ സർക്കാരും പരാതി നൽകിയിട്ടുണ്ടെന്ന് ഇ ഡി അറിയിച്ചു.