റിലീസ് ചെയ്ത് ആദ്യദിനം മുതല്‍ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ‘എക്കോ’യ്ക്ക് മികച്ച ബുക്കിംഗ്. ബുക്ക് മൈ ഷോയില്‍ ട്രെന്റിങ്ങായി തുടരുകയാണ് ചിത്രം. കഴിഞ്ഞ 24 മണിക്കൂറിനിടെ 44,040 ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റഴിഞ്ഞിരിക്കുന്നത്. കിഷ്‌കിന്ധാ കാണ്ഡത്തിനു ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം ഇന്ന് മുതല്‍ ജര്‍മനിയിലും റിലീസ് ചെയ്തിരുന്നു. കിഷ്‌കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയല്‍സ് സീസണ്‍ 2 എന്നിവക്ക് ശേഷം ബാഹുല്‍ രമേശ് തിരക്കഥ രചിച്ച ഈ ചിത്രത്തില്‍ യുവതാരം സന്ദീപ് പ്രദീപ് ആണ് നായകനായി എത്തിയത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എംആര്‍കെ ജയറാമിന്റെ ആദ്യ നിര്‍മ്മാണ സംരംഭം കൂടിയാണ് ഈ ചിത്രം. ‘പടക്കളം’ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്നു എന്നതും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്ന ഘടകമാണ്.
