ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും മത്സ്യങ്ങള്‍ കഴിക്കുന്നത് വന്‍കുടലിലെ കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതായി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ഇന്റര്‍നാഷണല്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററും നടത്തിയ പഠനത്തില്‍ പറയുന്നു. മീനുകളില്‍ അടങ്ങിയിരിക്കുന്ന ആവശ്യ പോഷകങ്ങള്‍ ക്യാന്‍സറുമായി ബന്ധപ്പെട്ട ഹൈപ്പര്‍ലിപ്പിഡാമിയ എന്ന രോഗലക്ഷണത്തെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒമേഗ 3 യും വിറ്റാമിന്‍ ഡി യും ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ വളരെയധികം സഹായിക്കുകയും ചെയ്യും. മത്സ്യങ്ങളില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം ബലമുള്ള എല്ലുകള്‍ക്ക് അത്യന്താപേക്ഷിതമായ ഒന്നാണ്. മീനുകള്‍ പതിവായി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരാള്‍ക്ക് അസ്ഥി സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറവായിരിക്കും. ആര്‍ത്തവവിരാമം വന്ന സ്ത്രീകളില്‍ ഉണ്ടാകാനിടയുള്ള ഓസ്റ്റിയോപെറോസിസ് എന്ന അസ്ഥി രോഗത്തെ ചെറുത്തു നിര്‍ത്താന്‍ സഹായിക്കുന്ന കാര്യങ്ങളിലൊന്നാണ് മീനുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്. പ്രായമാകുമ്പോള്‍ ഉണ്ടാകാവുന്ന അല്‍ഷിമേഴ്‌സ് രോഗത്തെ പ്രതിരോധിച്ചു നിര്‍ത്താനും നല്ലൊരു ഉപാധിയാണ് മീനുകള്‍. ഇതുകൂടാതെ വിഷാദ രോഗത്തെ അകറ്റി നിര്‍ത്താനും ഒമേഗ 3 വലിയ രീതിയില്‍ സഹായിക്കുമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. തലച്ചോറിന് അത്യാവശ്യമായ ഒരു ഭക്ഷണമാണ് മത്സ്യം. മിതമായ സീഫുഡ് ഉപഭോഗം അല്‍ഷിമേഴ്സ് രോഗത്തിന്റെ കുറഞ്ഞ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നതായി അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.