1 20250328 165249 0000

 

ഭൂമിയുടെ ഉപരിതലം അവിചാരിതമായി ചലിക്കുന്നതിന് ഭൂകമ്പം അഥവാ ഭൂമികുലുക്കം എന്നു പറയുന്നു….!!!!

ഭൂകമ്പങ്ങൾ ദുരന്തകാരണമാകാറുണ്ട്. ഭൂകമ്പത്തെ കുറിച്ചുള്ള പഠനത്തിന് ഭൂകമ്പ വിജ്ഞാന ശാസ്ത്രം (seismology) എന്നു പറയുന്നു. 1903-ൽ ലോക ഭൂകമ്പ വിജ്ഞാന സമിതി രൂപീകൃതമായി. ഭൂകമ്പത്തെ കുറിച്ചുള്ള ആധികാരിക പഠനങ്ങൾക്ക് ഈ സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. 1906 ഏപ്രിൽ 18-നു അമേരിക്കയിലെ സാൻഫ്രാസിസ്കോയിലുണ്ടായ ഭൂകമ്പവും, അതിനെ തുടർന്നുണ്ടായ സാൻ ആന്ദ്രിയാസ് ഭ്രംശവുമാണ് ഭൂകമ്പത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയത്.

 

ഭൂകമ്പം സൃഷ്ടിക്കപ്പെടുന്ന ബിന്ദുവിന് അധികേന്ദ്രം എന്നു പറയുന്നു. ഇന്ന് ഭൂകമ്പത്തിന്റെ ശക്തി അളക്കാനായി പൊതുവേ റിച്ചർ മാനകം ഉപയോഗിക്കുന്നു. റിച്ചർ മാനകത്തിൽ മൂന്നിനു താഴെയുള്ള ഭൂകമ്പങ്ങൾ ദുരന്തങ്ങൾ സൃഷ്ടിക്കാറില്ല.ഏതെങ്കിലും സ്ഥലത്ത് വലിയ നാശം വിതയ്ക്കുന്ന ഭൂമികുലുക്കത്തിന് പ്രധാനാഘാതം (Major Shock) എന്നു പറയുന്നു. പ്രധാനാഘാതത്തിനു മുമ്പായി അധികേന്ദ്രത്തിലും ചുറ്റുമായി ഉണ്ടാകുന്ന ചെറിയ കുലുക്കങ്ങളെ മുന്നാഘാതങ്ങൾ (Fore shock) എന്നു പറയുന്നു.

പ്രധാനാഘാതത്തിനു ശേഷമുണ്ടാകാറുള്ള ചെറു ഭൂകമ്പ പരമ്പരയെ പിന്നാഘാതങ്ങൾ (After Shock) എന്നും പറയുന്നു. പിന്നാഘാതങ്ങൾ ചിലപ്പോൾ മാസങ്ങളോളം നീണ്ടു നിൽക്കാറുണ്ട്.

ഭൂമിയുടെ ഉള്ളിൽ നടക്കുന്ന രണ്ടുതരം കാര്യങ്ങൾ ഭൂകമ്പങ്ങൾക്ക് കാരണമാകാറുണ്ട്.വിവർത്തന പ്രവർത്തനങ്ങൾ (Tectonic Activities),അഗ്നിപർവ്വത പ്രവർത്തനങ്ങൾ (Volcanic Activities)എന്നിവയാണവ. ഇവരണ്ടുമല്ലാതെ അണക്കെട്ടുകൾ ഉണ്ടാക്കുന്നതു പോലുള്ള കടുത്ത സമ്മർദ്ദം ഭൂവൽക്കത്തിലെ ചെറുഭ്രംശരേഖകൾക്ക് താങ്ങാനാവാതെ വരുമ്പോഴും ഭൂമികുലുക്കമുണ്ടാവാറുണ്ട്. ഇത്തരം ചലനങ്ങളെ പ്രേരിത ചലനങ്ങൾ എന്നു വിളിക്കുന്നു.

 

മറ്റു മാനുഷിക പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന(ഉദാ: അണുബോംബ് സ്ഫോടനം, ഖനി പ്രവർത്തനങ്ങൾ) ഭൂവല്ക ചലനങ്ങൾക്ക് ഭൂകമ്പം എന്നു സാധാരണ പറയാറില്ല.കൃത്യമായ ഭൂകമ്പ പ്രവചനം മിക്കവാറും അസാദ്ധ്യമാണെങ്കിലും അസംഭവ്യമല്ല. പ്രാഥമിക തരംഗങ്ങളുടെ അന്തരീക്ഷഭാഗം ജന്തുക്കൾക്ക് ശ്രവിക്കാനാവുന്നതിനാൽ ജന്തുക്കളെ നിരീക്ഷിച്ച് ഭൂകമ്പം നേരത്തേയറിയാമെന്ന് ക്രിസ്തുവിനു മുമ്പുതന്നെ ചൈനക്കാർക്കറിയാമായിരുന്നു. എന്നാൽ ശരിയായ ഭൂകമ്പപ്രവചനം എന്നർത്ഥമാക്കുന്നത്, ഭൂകമ്പം നടക്കുന്ന സ്ഥലം, സമയം, തോത് എന്നിവ പ്രവചിക്കുക എന്നതിലാണ്.

 

ഭൗമതരംഗങ്ങളുടെ അവിചാരിതമായ സ്വഭാവവ്യതിയാനവും ഒരു പ്രദേശത്തെ ശിലാഖണ്ഡങ്ങളിലൂടെയുള്ള ഭൂകമ്പതരംഗങ്ങളുടെ പ്രവേഗത്തിലുണ്ടാകുന്ന മാറ്റവും നിരീക്ഷിക്കുന്നതു വഴി ഭൂകമ്പം പ്രവചിക്കാൻ സാധിക്കും. ഒരു ശിലാഖണ്ഡത്തിന്റെ ഇലാസ്തിക സ്വഭാവം വ്യത്യാസപ്പെടുമ്പോൾ അതിലൂടെയുള്ള തരംഗങ്ങളുടെ പ്രവേഗവും മാറുമെന്ന കാരണം കൊണ്ടാണിത്. 1962-ൽ തജിക്കിസ്ഥാനിൽ ഇത്തരമൊരു പ്രവചനം നടന്നിട്ടുണ്ട്. ഭൂകമ്പം നടക്കുന്ന പ്രദേശങ്ങളിലെ ആഴമേറിയ ഗർത്തങ്ങളിൽ നിന്നും വിശിഷ്ടവാതകമായ റെഡോൺ വമിക്കുന്നതായി കണ്ടുവരുന്നു.

 

റേഡിയോ വികിരണ സ്വഭാവമുള്ള ഈ വാതകം എളുപ്പത്തിൽ തിരിച്ചറിയാവുന്നതാണ്. ശിലകളുടെ വൈദ്യുത പ്രതിരോധം അളന്നും പ്രവചനങ്ങൾ സാധിക്കും. ശിലകളിൽ അതിമർദ്ദം ചെലുത്തപ്പെടുമ്പോൾ അവയുടെ പ്രതിരോധം കുറയപ്പെടും. മുന്നാഘാതങ്ങളെ കൃത്യമായി തിരിച്ചറിയാൻ സാധിച്ചാൽ അങ്ങിനേയും പ്രവചനം സാധ്യമാണ്. എങ്കിലും 1975 ഫെബ്രുവരിയിൽ ചൈനയിലെ ഹായ്‌ചെങ് പ്രവിശ്യയിലുണ്ടായ ഒരേയൊരു ഭൂകമ്പം മാത്രമേ ഇന്നുവരെ ഏറ്റവും കൃത്യമായി മുൻ‌കൂട്ടി പ്രവചിക്കാൻ സാധിച്ചിട്ടുള്ളൂ.

 

ഭാവി ഭൂചലനങ്ങളിൽ അപകടങ്ങളുടെ ശക്തി കുറക്കാനും, ഭൗമാന്തർ ഭാഗത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും ഭൂകമ്പ പഠനങ്ങൾ ഇന്നും നടത്തി വരുന്നു. ചരിത്രാതീതകാലത്തേയും രേഖപ്പെടുത്തിയ കാലത്തിലേയും ഭൗമ മാറ്റങ്ങളെക്കുറിച്ചും ഇത്തരത്തിൽ പഠിക്കാൻ കഴിയുന്നു. ഭ്രംശമേഖലകളിലെ ഭൂവിജ്ഞാന വിവരങ്ങൾ ജിയോ ഫിസിക്കൽ സർവേകൾ ഉപയോഗിച്ചും ടൊമോഗ്രാഫിക് സാങ്കേതികവിദ്യവഴിയും മനസ്സിലാക്കുന്നു. ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം ഉപയോഗിച്ച് ആധാരശിലകളുടെ സ്ഥാനചലനങ്ങൾ മനസ്സിലാക്കി ഭൗമോപരിതലത്തിലെ മർദ്ദവ്യതിയാനം കണ്ടെത്തി ഭൂകമ്പസാദ്ധ്യത കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *