മടി കാരണം വീടിനകം തൂക്കാനും തുടയ്ക്കാനും വിട്ടു പോകാറുണ്ടോ? എങ്കില്‍ സൂക്ഷിക്കണം, നിരവധി രോഗങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. കുറച്ചു പൊടിയല്ലേ… എന്ന് കരുതിയാല്‍ തെറ്റി, ഈ പൊടിപടലങ്ങളില്‍ ധാരാളം രോഗാണുക്കള്‍ ഒളിഞ്ഞിരിപ്പുണ്ട്. കൂടാതെ നമ്മുടെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത പൂപ്പല്‍, ബാക്ടീരിയ, മൈക്രോ ടോക്‌സിനുകള്‍ തുടങ്ങിയവയും വീട്ടിനുള്ളിലുണ്ടാകും. വൃത്തിയാക്കാതെയിരിക്കുകയാണെങ്കില്‍ ഇതിന്റെ തോത് കൂടാനും രോഗങ്ങള്‍ പതിവാകാനും കാരണമാകും. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് റിപ്പോര്‍ട്ട് പ്രകാരം 2.5 മൈക്രോണുകളോ അതില്‍ കുറവോ വ്യാസമുളള (പിഎം25)സൂക്ഷ്മ കണികകളുമായുളള സമ്പര്‍ക്കം വളരെ അപകടകരമാണ്. പിഎം 2.5 പൊടിപടലങ്ങള്‍ ശ്വസിക്കുന്നത് ഹൃദ്രോഗം, ആസ്ത്മ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. 40 മൈക്രോണ്‍ വരെ വലിപ്പമുള്ള പൊടിപടലങ്ങള്‍ മാത്രമാണ് നമ്മുടെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയുന്നത്. ഇതിന് താഴെയ്ക്കുള്ളവ ശ്വാസകോശങ്ങളിലൂടെ രക്തത്തില്‍ കലരാനും ചുമ, കണ്ണില്‍ നിന്ന് വെള്ളം വരിക, ആസ്ത്മ, വിട്ടുമാറാത്ത ബ്രോങ്കൈറ്റീസ് എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. ദീര്‍ഘകാലത്തേക്ക് ഇവ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്നത് ഹൃദയസംബന്ധമായ തകരാറുകള്‍, വ്യക്കകളുടെ പ്രവര്‍ത്തനത്തിലുള്ള തകരാറുകള്‍, ന്യൂറോളജിക്കല്‍ പ്രശ്നങ്ങള്‍, കാന്‍സര്‍ എന്നിവയിലേക്ക് നയിച്ചേക്കാം. കണ്ണുകള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത പൊടിപടലങ്ങളെ തുടച്ചുമാറ്റാനായി തുണികഷണങ്ങള്‍ക്ക് പകരം മൈക്രോ ഫൈബര്‍ ക്ലോത്തുകള്‍ ഉപയോഗിക്കാം. പരിസ്ഥിതി സൗഹൃദമായ ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാം. ഒരു വാക്വം ക്ലീനര്‍ ഉപയോഗിക്കുകയാണെങ്കില്‍ 99.7 ശതമാനം പൊടിപടലങ്ങളെയും വൃത്തിയാക്കാന്‍ സാധിക്കും. വീടിനുള്ളില്‍ ഇന്‍ഡോര്‍ സസ്യങ്ങള്‍ വയ്ക്കുന്നത് ശുദ്ധമായ വായൂ ലഭിക്കാന്‍ സഹായിക്കും. കൃത്യമായ ഇടവേളകളില്‍ വീട് വൃത്തിയാക്കുക.