ഏറ്റവും കുറഞ്ഞ ചെലവില്‍ പ്രോട്ടീന്‍ കിട്ടാന്‍ മിക്കവാറും ആളുകള്‍ തിരഞ്ഞെടുക്കുന്ന ഒരു ഓപ്ഷനാണ് കോഴിമുട്ട. എന്നാല്‍ കോഴി മുട്ടയെക്കാള്‍ പ്രോട്ടീന്‍ റിച്ച് ആണ് താറാവു മുട്ട. താറാവു മുട്ടയെക്കാള്‍ രുചി കോഴി മുട്ടക്കാണെന്നതാണ് പലരും കോഴി മുട്ട തിരഞ്ഞെടുക്കാന്‍ കാരണം. സാധാരണ കോഴിമുട്ടയെക്കാള്‍ ഇരട്ടി വലിപ്പം താറാവു മുട്ടയ്ക്ക് ഉണ്ടാകും. അവയുടെ പുറം തോടിനും കട്ടി കൂടുതലായിരിക്കും. താറാവു മുട്ടകള്‍ വെള്ള നിറത്തിലാണ് സാധാരണ കാണപ്പെടുന്നതെങ്കിലും ഗ്രേ, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങളിലും അപൂര്‍വമായി പ്രത്യക്ഷപ്പെടാറുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. താറാവു മുട്ടയുടെ മഞ്ഞക്കരു, കോഴിമുട്ടയുടെതിനെ അപേക്ഷിച്ച് കുറച്ചു കൂടി ഗോള്‍ഡന്‍ ഓറഞ്ച് നിറമായിരിക്കും. രുചിയിലേക്ക് വരുമ്പോള്‍ കോഴിമുട്ടയിലേക്ക് അധികമായി ഒരു മഞ്ഞക്കരു കൂടി ചേര്‍ത്ത രുചിയായിരിക്കും താറാവു മുട്ടയ്ക്ക്. ശരീരത്തിന് ദിവസവും വേണ്ടതിന്റെ 18 ശതമാനവും പ്രോട്ടീന്‍ ഒരു താറാവു മുട്ടയില്‍ നിന്നും ലഭിയ്ക്കുമെന്നതാണ് പ്രത്യേകത. കൂടാതെ താറാവു മുട്ടയില്‍ വിറ്റാമിന്‍ എ, വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തിക്കും ദഹനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തിനും മികച്ചതാണ്. പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും താറാവു മുട്ട സഹായിക്കും. എന്നാല്‍ കോഴിമുട്ടയില്‍ ഉള്ളതിനെക്കാള്‍ മൂന്ന് മടങ്ങ് കോളസ്‌ട്രോളും കൊഴുപ്പും താറാവുമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. അമിതമായാല്‍ ഇത് ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കാം. ഒരു താറാവു മുട്ടയെന്നാല്‍ രണ്ട് കോഴിമുട്ടയ്ക്ക് സമമാണ്. അതുകൊണ്ട് ദിവസവും ഒരു താറാവു മുട്ട തന്നെ ധാരാളം. താറാവു മുട്ട പാകം ചെയ്യുമ്പോള്‍ കോഴിമുട്ടയെക്കാള്‍ സ്വാഭാവികമായും സമയമെടുക്കാറുണ്ട്. ഓംലെറ്റ് അടിച്ചും പുഴുങ്ങിയും താറാവു മുട്ട ഡയറ്റില്‍ ചേര്‍ക്കാം.
