ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി ഇന്ന് പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘ദൃശ്യം 3’. മോഹന്‍ലാലിന്റെ ജന്മദിനമായ മെയ് 21ന് ചിത്രം തിയറ്ററുകളില്‍ എത്തിയെന്ന പ്രത്യേകതയുമുണ്ട്. മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രം ദൃശ്യം ആയിരുന്നു. ദൃശ്യം 3 അഡ്വാന്‍സ് ബുക്കിംഗ് വേള്‍ഡ് പ്രീ സെയില്‍ മാത്രം 35 കോടി കവിഞ്ഞുവെന്നാണ് സൗത്ത് ഇന്ത്യ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് മാത്രം 8.40 കോടിയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് 4.3 കോടിയും വിദേശത്ത് നിന്ന് 22.30 കോടിയും ആദ്യ ദിനത്തെ പ്രീ സെയില്‍ കളക്ഷനായി നേടി. ആദ്യ ദിവസം തന്നെ 50 കോടി ക്ലബില്‍ ചിത്രം എത്തിയേക്കുമെന്ന സൂചനകളാണ് പ്രീ സെയില്‍ ബുക്കിംഗ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്. മോഹന്‍ലാലിന് പുറമേ മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, ആശാ ശരത്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ്, ഗണേഷ് കുമാര്‍ തുടങ്ങിയ താരങ്ങളും സിനിമയില്‍ ഉണ്ടാകും. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് 2026 ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും.
