ചൂടുകാലത്ത് ദിവസവും നന്നായി വെള്ളം കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. എന്നാല്‍ കുട്ടികളായാലും മുതിര്‍ന്നവരായാലും വേനല്‍ക്കാലത്ത് ചൂടു ശമിപ്പിക്കാന്‍ തണുത്ത വെള്ളമാണ് കൂടുതലും കുടിക്കുക. ചൂടുകാലത്ത് ആവര്‍ത്തിക്കുന്ന ഈ ദുശ്ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചൂടുകാലത്ത് വീട്ടിലെ ഫ്രിഡ്ജില്‍ വെള്ളം കരുതാത്തവര്‍ ഉണ്ടാകില്ല. പുറത്ത് നിന്നും കയറി വന്നതിന് പിന്നാലെ നേരെ പോവുക ഫ്രിഡ്ജിന്റെ അടുത്തേക്ക് ആവും, കൂടാതെ ഭക്ഷണം കഴിക്കുന്നതിനിടെയിലും കുടിക്കാന്‍ ഫ്രിഡ്ജിലെ തണുത്ത വെള്ളം തന്നെ വേണം. പുറത്ത് ചൂടുകൂടുന്നതിന് അനുസരിച്ച് ശരീരത്തിന്റെ താപനിലയും ഉയരുന്നു. തണുത്ത വെള്ളം കുടിക്കുമ്പോള്‍ തല്ക്കാലം ഒരു ആശ്വാസം കിട്ടുമെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഈ ശീലം ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കടുത്ത ചൂട് കാരണം നമ്മുടെ ദഹനം ഇതിനകം തന്നെ മന്ദഗതിയിലാണ്. വേനല്‍ക്കാലത്ത് ദഹനപ്രവര്‍ത്തനത്തിന്റെ തീവ്രത വര്‍ധിക്കും. തണുത്ത വെള്ളവും ചില തണുത്ത പാനീയങ്ങളും രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും ദഹന സമയത്ത് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്ന സ്വാഭാവിക പ്രക്രിയയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. മാത്രമല്ല, വേനല്‍ക്കാലത്ത് തണുത്ത വെള്ളം തൊണ്ടവേദന, മൂക്കിലെ തടസ്സം തുടങ്ങിയ പ്രശ്നങ്ങളും വര്‍ധിപ്പിക്കും. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ശാരീരിക വ്യായാമത്തിനിടെ തണുത്ത വെള്ളം കുടിക്കുന്നത് ശരീരം അമിതമായി ചൂടാകാതിരിക്കാനും വ്യായാമം കൂടുതല്‍ മെച്ചപ്പെതാക്കുമെന്നും 2012ല്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് സ്പോര്‍ട്സ് ന്യൂട്രീഷന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ പറയുന്നു.
ചൂടുകാലത്ത് തണുത്ത വെള്ളം കുടിക്കുന്നത് അത്ര നന്നല്ല
