7 1

പ്രായം കൂടുന്തോറും കാഴ്ച മങ്ങുന്നത് സ്വാഭാവികമാണെന്ന് കരുതി പലരും അവഗണിക്കുന്ന ഒന്നാണ് തിമിരം. വേദനയില്ലാതെ, വളരെ പതുക്കെ കാഴ്ച കുറയുന്ന ഈ അവസ്ഥ സാധാരണയായി പ്രായമായവരിലാണ് കണ്ടുവരുന്നതെങ്കിലും ഏത് പ്രായത്തിലുള്ളവര്‍ക്കും ഇത് വരാം. തിമിരത്തിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ വാര്‍ദ്ധക്യസഹജമായ കാഴ്ചക്കുറവായി തെറ്റിദ്ധരിക്കാറുള്ളതിനാല്‍ പലരും ചികിത്സ തേടാന്‍ വൈകാറുണ്ട്. എന്നാല്‍ ഈ ലക്ഷണങ്ങളെ അവഗണിക്കരുത്. കണ്ണടയിലെ ഗ്ലാസില്‍ മൂടല്‍മഞ്ഞ് പടര്‍ന്നതുപോലെ വസ്തുക്കള്‍ വ്യക്തതയില്ലാതെ കാണപ്പെടുക എന്നതാണ് തിമിരത്തിന്റെ പ്രധാന ലക്ഷണം. തിമിര ബാധിതര്‍ക്ക് രാത്രികാലങ്ങളില്‍ വാഹനം ഓടിക്കുന്നത് കഠിനമായിരിക്കും. സ്ട്രീറ്റ് ലൈറ്റുകളുടെയും മറ്റ് വാഹനങ്ങളുടെയും ഹെഡ്ലൈറ്റുകളുടെയും വെളിച്ചം കണ്ണിലേക്ക് അമിതമായി അടിക്കുന്നതായും റോഡ് വ്യക്തമല്ലാത്തതായും തോന്നും. കൂടാതെ ദൂരം കൃത്യമായി കണക്കാക്കാനും ബുദ്ധിമുട്ട് നേരിടും. കണ്ണിലെ ലെന്‍സിന്റെ സുതാര്യത നഷ്ടപ്പെടുന്നതോടെ ചുറ്റുമുള്ള നിറങ്ങളുടെ ഭംഗി കുറഞ്ഞതായി തോന്നും. വെള്ള നിറത്തിന് നേരിയ മഞ്ഞനിറം കലര്‍ന്നതായും, മറ്റ് തിളക്കമുള്ള നിറങ്ങള്‍ക്ക് മങ്ങലേറ്റതായും അനുഭവപ്പെടാം. കൂടുതല്‍ വെളിച്ചമുള്ള സ്ഥലങ്ങളിലേക്ക് നോക്കുമ്പോള്‍ കണ്ണിന് അസ്വസ്ഥത തോന്നുകയും കണ്ണ് ചിമ്മുകയും ചെയ്യും. അമിതമായ പ്രകാശം പലപ്പോഴും തലവേദനയ്ക്കും കാരണമാകാറുണ്ട്. തിമിരത്തിന്റെ ഏറ്റവും പൊതുവായ ലക്ഷണങ്ങളില്‍ ഒന്നാണിത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ കണ്ണടയുടെ പവര്‍ ഇടയ്ക്കിടെ മാറ്റേണ്ടി വരുന്നത് തിമിരത്തിന്റെ ലക്ഷണമാകാം. ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമല്ലെങ്കില്‍ പോലും 40 വയസ്സ് കഴിഞ്ഞവര്‍ ചുരുങ്ങിയത് രണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും കൃത്യമായ നേത്രപരിശോധന നടത്തേണ്ടത് ആവശ്യമാണ്. തിമിരം നേരത്തെ തിരിച്ചറിയുന്നത് കാഴ്ച പൂര്‍ണ്ണമായി സംരക്ഷിക്കാന്‍ സഹായിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *