സാധാരണയായി ഭക്ഷണശേഷമോ അല്ലെങ്കില്‍ ഭക്ഷണം കഴിക്കാന്‍ വൈകുമ്പോഴോ ഏമ്പക്കം വരുന്നത് പതിവാണ്. നാം കഴിയ്ക്കുന്ന ഭക്ഷണത്തിനൊപ്പം ഉള്ളിലേയ്ക്കെത്തുന്ന വായു ആസിഡുമായി പ്രവര്‍ത്തിച്ച് പുറന്തള്ളപ്പെടുന്നതാണ് ഏമ്പക്കത്തിന് പിന്നിലെ കാരണം എന്ന് പറയാം. നമ്മുടെ അന്നനാളത്തിലെ പേശികളാണ് വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുണ്ടാകുന്ന വായു പുറത്ത് പോകാതെ നോക്കുന്നത്. ഈ ഗ്യാസ് അളവിലധികമായി മാറുന്നതോടെ പ്രകമ്പനമുണ്ടാക്കിയാണ് ഏമ്പക്കത്തിന്റെ രൂപത്തില്‍ പുറത്ത് പോകുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും ഏമ്പക്കം ചിലപ്പോള്‍ വേറെ ചില ആരോഗ്യ കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാറുണ്ട്. അമിതമായി ഗ്യാസ് ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത് കൊണ്ട് ചിലരില്‍ ഇടയ്ക്കിടയ്ക്ക് ഏമ്പക്കം ഉണ്ടാകാറുണ്ട് ഇത് അത്ര ഗൗരവകരമായ ഒന്നല്ല. ഏറോഫോബിയ എന്ന അവസ്ഥയുള്ളവരില്‍ ഇത്തരത്തില്‍ അമിതമായി ഗ്യാസ് ഉത്പാദനം നടക്കും. അിതമായി ച്യൂയിംഗം ചവയ്ക്കുന്നതും കോള, സോഡ പോലുള്ള പാനിയങ്ങള്‍ മൂലവും അമിതമായി ഗ്യാസ് ശരീരത്തില്‍ അടിയാം. അമിതമായി സ്ട്രെസ് അനുഭവിക്കുന്ന സമയങ്ങളില്‍ ചിലരില്‍ ഏമ്പക്കം വരുന്ന അവസ്ഥയുമുണ്ടാകാറുണ്ട്. ഇത്തരം സമയങ്ങളില്‍ ശ്വസന സംബന്ധമായ ലഘു വ്യായാമങ്ങള്‍ ചെയ്യുന്നതായിരിക്കും ഉചിതം. ഡയഫ്രം ഭാഗത്തെ പേശികളില്‍ അയവ് വരാന്‍ ഇത് ഏറെ സഹായകരമാകും. ഈ സമയങ്ങളില്‍ ഭക്ഷണവും പാനീയവും അമിതമാകാതെ ഒഴിവാക്കാനും ശ്രമിക്കണം. അഥവാ ഭക്ഷണം കഴിച്ചാല്‍ തന്നെയും ചൂടോട് കൂടി തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താനും ശ്രമിക്കുക. ഹയാറ്റസ് ഹെര്‍ണിയ ഉള്ളവര്‍ക്കും ഏമ്പക്കം പതിവില്‍ കൂടുതലായി ഉണ്ടാകാറുണ്ട്. ഇത്തരക്കാര്‍ക്ക് ഭക്ഷണം കഴിക്കുമ്പോഴോ വെള്ളം കുടിക്കുമ്പോഴോ നെഞ്ചിന്റെ ഭാഗത്ത് തടഞ്ഞ് നില്ക്കുന്നതായി അനുഭവപ്പെടുകയും ചെയ്യും. ഇത്തരം അവസ്ഥയുണ്ടായാല്‍ ഡോക്ടറെ സന്ദര്‍ശിച്ച് ചികിത്സ നേടുന്നതായിരിക്കും ഉചിതം.
ഏമ്പക്കം വരാറുണ്ടോ? പല രോഗങ്ങളുടേയും ലക്ഷണമാകാം
