തെരുവുനായകളെ കൂട്ടത്തോടെ കൊല്ലാതിരിക്കാന്‍ ബോധവത്കരണം നടത്തണമെന്ന് ഡിജിപി അനില്‍കാന്ത് പോലീസിനു നിര്‍ദേശം നല്‍കി. നായ്ക്കളെ കൊല്ലുന്നത് തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. റസിഡന്‍സ് അസോസിയേഷനുമായി ചേര്‍ന്ന് ബോധവത്കരണം നടത്തണമെന്നാണു ഡിജിപിയുടെ നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതി ഉത്തരവിട്ടതനുസരിച്ചാണ് ഡിജിപിയുടെ നടപടി.
തൃശൂര്‍ പുന്നയൂര്‍ക്കുളം അകലാട് ഓടിക്കൊണ്ടിരുന്ന ലോറിയില്‍നിന്ന് റോഡിലേക്കു തെറിച്ചുവീണ ഇരുമ്പുഷീറ്റുകള്‍ക്കടിയില്‍ പെട്ട് വഴിയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. പുന്നയൂര്‍ക്കുളം അകലാട് മഠത്തിപ്പറമ്പില്‍ മുഹമ്മദാലി ഹാജി, കിഴക്കേ തലക്കല്‍ ഷാജി എന്നിവരാണ് മരിച്ചത്. ലോറിയിലെ കെട്ടുപൊട്ടി ഇരുമ്പ് ഷീറ്റുകള്‍ റോഡിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരാണ് ഷീറ്റുകള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.
ആലുവ- പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പിന് വീഴ്ച സംഭവിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുമുണ്ടാകും. റോഡ് 14 കിലോമീറ്റര്‍ ദൂരം മുഴുവനായും റീ ടാറിങ്ങ് ചെയ്യും. മഴയാണു തടസം. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള കൊള്ളലാഭമുണ്ടാക്കുന്ന കൂട്ടുകെട്ട് തകര്‍ക്കണം. മന്ത്രി പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണത്തിന് ഇരയായ സെക്യൂരിറ്റി ജീവനക്കാരുടെ അഭിഭാഷകയ്ക്കു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ വധഭീഷണി. കൈയും കാലും വെട്ടുമെന്നു കോടതി കാമ്പസില്‍വച്ചു ഭീഷണിപ്പെടുത്തിയെന്ന് അഡ്വ. ബബിലാ ഉമ്മര്‍ഖാന്‍ കോടതിയില്‍ പരാതി നല്‍കി.
വേമ്പനാട് കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മിക്കുന്നതിനിടെ കാപികോ റിസോര്‍ട്ട് മത്സ്യത്തൊഴിലാളുകളുടെ ഊന്നുവലകള്‍ നശിപ്പിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കണമെന്ന് സുപ്രീം കോടതി. ഹര്‍ജി വൈകിയെന്ന പേരില്‍ ചെന്നൈയിലെ ദേശീയ ഹരിത ട്രിബ്യൂണല്‍ നേരത്തെ തള്ളിയിരുന്നു.
കോഴിക്കോട്ട് സിപിഎം നേതാവിനെതിരെ സിപിഐ വനിതാ നേതാവിന്റെ പീഡന പരാതി. പേരാമ്പ്ര ഏരിയ കമ്മറ്റി അംഗവും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗവുമായ കെ.പി ബിജുവിനെതിരെ പോലീസ് കേസെടുത്തു. ഈ മാസം ഒന്നിന് ചെറുവണ്ണൂരില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സിപിഐ വനിതാ നേതാവിന്റെ പരാതി.
കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ ടിഡിഎഫ് തൊഴിലാളി യൂണിയന്‍ പണിമുടക്കിയാല്‍ ശമ്പളം കിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഒന്നാം തീയതി അനിശ്ചിതകാല സമരം നടത്തുമെന്ന് ടിഡിഎഫ് നോട്ടീസ് നല്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് അഞ്ചാം തീയതി ശമ്പളം കിട്ടുമെന്നു കരുതേണ്ടെന്ന് ആന്റണി രാജു പറഞ്ഞു.
ആലുവ പെരുമ്പാവൂര്‍ റോഡില്‍ വീണ്ടും കുഴിയടയ്ക്കല്‍ പണി. പെരുമ്പാവൂര്‍ മുതല്‍ തോട്ടുമുഖം വരെയാണ് കുഴിയടക്കുന്നത്. റീ ടാറിംഗ് ആവശ്യപ്പെട്ട് കേരള റോഡ് ഫണ്ട് ബോര്‍ഡ് ഓഫീസ് അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു.