ശരീരഭാരം കുറയ്ക്കാന് കഠിനമായ പരിശ്രമങ്ങള് ആവശ്യമാണ്. ഫലം കാണാന് ഒരുപാട് സമയമെടുക്കും എന്നു മാത്രമല്ല ഇതിനിടയില് പല പ്രശ്നങ്ങളെയും അതിജീവിക്കേണ്ടിയും വരികയും ചെയ്യും. അതിലൊന്നാണ് മുടികൊഴിച്ചില്. ശരീരഭാരം കുറയ്ക്കാനായി ഭക്ഷണത്തില് വരുത്തുന്ന മാറ്റം തന്നെയാണ് ഇതിന് പിന്നിലെ കാരണവും. ഭക്ഷണം നിയന്ത്രിക്കുമ്പോള് ശരീരത്തിന് അവശ്യം വേണ്ട ചില പോഷകങ്ങളുടെ ലഭ്യത കുറയാം. ഇത് മുടികൊഴിച്ചിലിലേക്ക് നയിക്കും. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്ത്തിക്കൊണ്ടുള്ള ശരീരഭാരം കുറയ്ക്കല് പ്രക്രിയയാണ് മുടികൊഴിച്ചില് തടയാനുള്ള ഒരേയൊരു മാര്ഗം. ക്രാഷ് ഡയറ്റുകള് പരീക്ഷിക്കുമ്പോഴാണ് അമിതമായ മുടി കൊഴിച്ചില് ഉണ്ടാകുന്നത്. ശരീരത്തിന് ഊര്ജ്ജം വേണമെങ്കില് പതിവായി കുറച്ച് കലോറി വേണമെന്ന കാര്യം മറക്കരുത്. അതുകൊണ്ട് കലോറി പൂര്ണ്ണമായും ഉപേക്ഷിക്കുന്നത് സമ്മര്ദ്ദവും ക്ഷീണവും അനുഭവപ്പെടാന് ഇടയാക്കും. ഇത് മുടിയുടെ ആരോഗ്യത്തെ കൂടുതല് ബാധിക്കും. സുഗമമായി പ്രവര്ത്തിക്കണമെങ്കില് നമ്മുടെ ശരീരത്തിന് എല്ലാത്തരം പോഷകങ്ങളും കുറച്ച് അളവില് ആവശ്യമാണ്. ഒരു പ്രത്യേക പോഷകം കുറയ്ക്കുന്നത് ശരീരത്തില് പ്രതിഫലിക്കും. ക്രാഷ് ഡയറ്റുകള് നോക്കുന്നത് പെട്ടെന്നുള്ള മാറ്റങ്ങള് സമ്മാനിക്കുമെങ്കിലും ഇത് ദീര്ഘകാലാടിസ്ഥാനത്തില് പല പാര്ശ്വഫലങ്ങളും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിച്ചേക്കാം.
ക്രാഷ് ഡയറ്റുകള് പാര്ശ്വഫലങ്ങളുണ്ടാക്കും
