വഖഫ് കിരാതം എന്ന പരാമർശത്തിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കാത്തതെന്തെന്ന ചോദ്യമുയർത്തി സിപിഐ മുഖപത്രമായ ജനയുഗം. ബോർഡിന്റെ പേര് പോലും പറയാതെ കിരാതമെന്ന് വിളിപ്പേരിട്ട സുരേഷ് ഗോപി, ചീറ്റിയ മുസ്ലിം വിദ്വേഷ വിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നുവെന്നും ബിജെപി നേതാവ് ഗോപാലകൃഷ്ണന്റെ വാവർ പരാമർശത്തിലും പൊലീസ് കേസ് എടുക്കാത്തതിനെ ജനയുഗം ചോദ്യം ചെയ്യുന്നു. നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു വഖഫിനെ കുറിച്ചുളള സുരേഷ് ഗോപിയുടെ പരാമർശം. മുനമ്പത്തേത് മണിപ്പൂരിന് സമാനമായ സ്ഥിതിയാണെന്നും മണിപ്പൂർ പൊക്കി നടന്നവരെ ഇപ്പോൾ കാണാനില്ല മുനമ്പത്തേ നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതത്തെ ഒതുക്കും. വഖഫ് ബില്‍ നടപ്പാക്കിയിരിക്കുമെന്നുമായിരുന്നു വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തിൽ സുരേഷ് ഗോപിയുടെ പരാമർശം.