കുന്തം പോയാല്‍ കുടത്തിലും തപ്പണമെന്നാണു പഴമൊഴി. പക്ഷേ ഒരു ഭൂഖണ്ഡത്തെത്തന്നെ കാണാതായാലോ? അങ്ങനെയൊരു ഭൂഖണ്ഡമുണ്ടോ, അതേത് എന്ന് എല്ലാവരും ചോദിക്കും. ഉണ്ട്, അങ്ങനെയൊരു ഭൂഖണ്ഡം ഉണ്ടായിരുന്നു. പേര് ‘സീലാന്‍ഡിയ’ എന്നായിരുന്നു. ‘ടെ റിയു-എ-മയൂ’ എന്നും അറിയപ്പെട്ടിരുന്ന കാണാതായ ഭൂഖണ്ഡത്തിന് ഏകദേശം 19 ലക്ഷം ചതുരശ്ര മൈല്‍ വിസ്തീര്‍ണമുണ്ടായിരുന്നു. അയ്യായിരം ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയും കിഴക്കന്‍ ഓസ്ട്രേലിയയും ഉള്‍പ്പെട്ടിരുന്ന ‘ഗോണ്ട്വാന’ എന്ന പുരാതന സൂപ്പര്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു ഈ ഈ ഭൂഖണ്ഡമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഏകദേശം 1050 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് സീലാന്‍ഡിയ ഗോണ്ട്വാനയില്‍ നിന്ന് അകന്നു തുടങ്ങി. കുറേഭാഗം കടലെടുത്തു. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ സീലാന്‍ഡിയയെ പൂര്‍ണമായും കടല്‍ വിഴുങ്ങുകയായിരുന്നു. 1642 ല്‍ ഡച്ച് വ്യാപാരിയും നാവികനുമായ ആബെല്‍ ടാസ്മാനാണ് സീലാന്‍ഡിയയുടെ അസ്തിത്വം ആദ്യമായി രേഖപ്പെടുത്തിയത്. സിലാന്‍ഡിയയുടെ അസ്തിത്വം ആദ്യമായി സ്ഥിരീകരിച്ചത് 2017 ലാണ്. ഇപ്പോള്‍ ഈ ഭൂഖണ്ഡത്തിന്റെ ഭൂരിഭാഗവും ഏതാണ്ട് രണ്ടു കിലോമീറ്റര്‍ കടല്‍ വെള്ളത്തിനടിയിലാണ്.
കടലിനടിയിലെ ഭൂഖണ്ഡം
