സഭ തുടങ്ങുന്ന ദിവസമായതിനാൽ ഔദ്യോഗിക തിരക്കുണ്ടെന്നും ഇന്ന് ലൈഫ് മിഷൻ കോഴക്കേസിൽ ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്നും അറിയിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇഡിയ്ക്ക് മെയിൽ അയച്ചു.
ഇന്ന് രാവിലെ 10.30ന് കൊച്ചിയിലെ ഓഫിസിൽ എത്താനായിരുന്നു സി എം രവീന്ദ്രന് ഇഡി നൽകിയ നോട്ടീസിൽ പറഞ്ഞിരുന്നത്. എന്നാൽ കൊച്ചിയിലെത്താതെ സിഎം രവീന്ദ്രൻ നിയമസഭയിലെത്തുകയായിരുന്നു.
ഇതിനു മുൻപ് ആരോഗ്യ പ്രശ്നം പറഞ്ഞ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാതെ സി എം രവീന്ദ്രൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിൽ പ്രവേശിച്ചിരുന്നു.
ലൈഫ് മിഷൻ കോഴകേസിൽ കോടിക്കണക്കിന് രൂപയുടെ കോഴ ഇടപാട് ഉണ്ടായെന്നും ഈ കള്ളപ്പണം ഗൂഢാലോചനയിൽ പങ്കാളികളായവർക്ക് ലഭിച്ചെന്നുമാണ് ഇഡിയുടെ കണ്ടെത്തൽ.