സിഗരറ്റ് കുറ്റികള്‍കൊണ്ട് വലിയൊരു മല. പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിലാണ് ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇങ്ങനെയൊരു മലയൊരുക്കിയത്. ഒരാഴ്ച കൊണ്ട് ഇവര്‍ ശേഖരിച്ച ആറര ലക്ഷം സിഗരറ്റ് കുറ്റികള്‍ ഒരു സ്ഥലത്ത് കൂട്ടിയിട്ടപ്പോഴാണ് ഒരു മല രൂപപ്പെട്ടത്. എന്തിനാണ് അവര്‍ അങ്ങനെ ചെയ്തത് ? സിഗരറ്റിനെതിരായ ബോധവത്കരണത്തിനാണ്. സിഗരറ്റ് വലിച്ചാല്‍ വലിക്കുന്നയാളുടെ ആരോഗ്യം നശിക്കുമെന്നു മാത്രമല്ല, സമീപത്തുള്ളവര്‍ക്കും ദോഷമാകും. അതിനേക്കാളുപരി, ഭൂമിയിലേക്കു വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികള്‍ ഭൂമിക്കും വരും തലമുറയ്ക്കും ഭീഷണിയാണെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. സിഗരറ്റ് കുറ്റികള്‍ മണ്ണില്‍ അലിഞ്ഞുചേര്‍ന്ന് മൈക്രോപ്ലാസ്റ്റിക് മലിനീകരണമായി മാറുമെന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇതിനകം എത്ര കോടാനുകോടി സിഗരറ്റ് കുറ്റികള്‍ മണ്ണില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ടാകുമെന്നും പ്രകൃതിയെ അത് എത്രമാത്രം മലീമസമാക്കിയിട്ടുണ്ടാകുമെന്നും അവര്‍ ചോദിക്കുന്നു. പുകവലിയോടു വിട പറയാം, സ്വന്തം ശ്വാസകോശത്തേയും ആരോഗ്യത്തേയും സംരക്ഷിക്കാം, ഒപ്പം ഭൂമിയെ വിഷലിപ്തമാക്കാതെ പരിപാലിക്കുകയും ചെയ്യാം.
സിഗരറ്റ് കുറ്റികള്‍ മലപോലെ
