നേച്ചര്‍ ജേണലില്‍ അടുത്തിനിടെ പ്രസിദ്ധീകരിച്ച പഠനത്തില്‍ കാപ്പി, ചായ പോലുള്ള പാനീയങ്ങളില്‍ അടങ്ങിയ കഫീന്റെ ഉപഭോഗം പിസിഒഎസ് ലക്ഷണങ്ങളെ നിയന്ത്രിക്കുമെന്ന് കണ്ടെത്തി. അമിത ശരീരഭാരമുള്ള എലികളില്‍ പിസിഒഎസ് ലക്ഷണങ്ങള്‍ ലഘൂകരിക്കാന്‍ കഫീന്‍ ഉപഭോഗം സഹായിച്ചുവെന്നാണ് കണ്ടെത്തല്‍. എലികളുടെ അണ്ഡാശയ കലകളിലെ കഫീന്‍ ശരീരഭാരത്തില്‍ ഉണ്ടാക്കിയ സ്വാധീനം, ഈസ്ട്രസ് സൈക്കിള്‍, അണ്ഡാശയ രോഗാവസ്ഥ, സെറം ഇന്‍സുലിന്‍ സാന്ദ്രത, ഇന്‍സുലിന്‍ പ്രതിരോധ സൂചിക, ട്രാന്‍സ്‌പോര്‍ട്ടര്‍ ജീന്‍ എക്‌സ്പ്രഷന്‍ എന്നിവ നിരീക്ഷിച്ചു. മിതമായ അളവിലുള്ള കഫീന്‍ ഉപഭോഗം ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും മെറ്റബോളിസത്തെ പിന്തുണയ്ക്കുന്നതിലൂടെയും പിസിഒഎസ് മാനേജ്‌മെന്റ് മികച്ചതാക്കുമെന്നും പൊണ്ണത്തടിയുള്ള സ്ത്രീകളില്‍ ഇത് ഗുണം ചെയ്യാം. സ്ത്രീകളില്‍ ശരീരത്തിലെ ചില ഹോര്‍മോണ്‍ വ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുന്ന അവസ്ഥയാണ് പിസിഒഎസ്. ഇത് പലപ്പോഴും ക്രമരഹിതമായ ആര്‍ത്തവം, അമിതമായ ആന്‍ഡ്രോജന്‍ ഉല്‍പാദനം, അമിതമായ രോമവളര്‍ച്ച അല്ലെങ്കില്‍ മുടി കൊഴിച്ചില്‍, മുഖക്കുരു, ശരീരഭാരം വര്‍ധിക്കുക, ചര്‍മത്തിന്റെ കറുപ്പ്, പോളിസിസ്റ്റിക് അണ്ഡാശയങ്ങള്‍, ഗര്‍ഭം അലസല്‍, വന്ധ്യത എന്നിവയ്ക്ക് കാരണമാകുന്നു. കൂടാതെ, പിസിഒഎസ് ഉള്ള ആളുകള്‍ക്ക് പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ഉത്കണ്ഠ, വിഷാദം, എന്‍ഡോമെട്രിയല്‍ കാന്‍സര്‍ തുടങ്ങിയ ചില ആരോഗ്യ അവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നഗരവല്‍ക്കരണം, ഉദാസീനമായ ജീവിത ശൈലി, പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയാണ് ഇന്ത്യയില്‍ സ്ത്രീകളില്‍ പിസിഒഎസ് വര്‍ധിക്കാനുള്ള കാരണമെന്ന് ഐസിഎംആര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഫീന്റെ ഉപഭോഗം പിസിഒഎസ് ലക്ഷണങ്ങളെ നിയന്ത്രിക്കും
