കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ഇന്നലെ നാല് സ്വർണ്ണമടക്കം 14 മെഡലുകൾ. വിനേഷ് ഫോഗട്ടും രവികുമാർ ദഹിയയും നവീനും ഗുസ്തിയിൽ സ്വർണ്ണം നേടിയപ്പോൾ പാരാ ടേബിൾ ടെന്നിസിൽ ഭവിനാ പട്ടേല് ഇന്ത്യക്കായി ഇന്നലെ നാലാമത്തെ സ്വർണ്ണം നേടി. 10 കിലോമീറ്റര് റേസ് വോക്കിൽ പ്രിയങ്ക ഗോസ്വാമിയും പുരുഷന്മാരുടെ 3000 മീറ്റര് സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബിളും പുരുഷന്മാരുടെ ലോണ്സ് ബൗൾസ് ടീമും ഇന്നലെ വെള്ളി മെഡൽ സ്വന്തമാക്കി. ഗുസ്തിയിൽ പൂജ ഗെലോട്ടും ദീപക് നെഹ്റയും പൂജ സിങ്ങും ബോക്സിംഗിൽ ജെയ്സ്മൈൻ ലംബോറിയയും മൊഹമ്മദ് ഹുസമുദ്ദീനും രോഹിത് ടോക്കാസും പാരാ ടേബിൾ ടെന്നിസിൽ സോനാൾബെൻ പട്ടേൽ വെങ്കലവും നേടി. ഇതോടെ 13 സ്വർണ്ണവും 11 വെള്ളിയും 16 വെങ്കലവും നേടിയ ഇന്ത്യയുടെ മെഡൽ നേട്ടം 40 ആയി.
ഇന്ത്യയുടെ പതിന്നാലാമത് ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടു. ധന്‍കര്‍ 528 വോട്ടുകള്‍ നേടിയപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ നേടിയത് 182 വോട്ടാണ്. 346 വോട്ടിന്റെ ഭൂരിപക്ഷം. എംപിമാരും എംഎല്‍എമാരും അടക്കം 788 പേരടങ്ങുന്ന വോട്ടര്‍പട്ടികയില്‍ 725 പേരാണു വോട്ടു ചെയ്തത്. 15 വോട്ട് അസാധുവായി.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേതനരഹിത അവധി കാലാവധി 20 വര്‍ഷത്തില്‍നിന്ന് അഞ്ചു വര്‍ഷമാക്കി ചുരക്കി. ഇതുസബന്ധിച്ച ഉത്തരവ് 2020 ല്‍ പുറത്തിറക്കിയെങ്കിലും ഇപ്പോഴാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഇന്നു ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന നിതി ആയോഗ് യോഗം ബിഹാര്‍, തെലങ്കാന മുഖ്യമന്ത്രിമാര്‍ ബഹിഷ്‌കരിക്കും. ബിജെപിയുമായി ഭിന്നത പ്രകടമാക്കിക്കൊണ്ടാണ് ബിഹാര്‍ മുഖ്യമന്ത്രിയുടെ ബഹിഷ്‌കരണം. യോഗത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും.
ദേശീയപാതകളിലെ കുഴികള്‍ അടയ്ക്കണമെന്ന് ദേശീയ പാത അതോറിറ്റിക്കു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. അമിക്കസ് ക്യൂറി വഴിയാണ് നിര്‍ദ്ദേശം നല്‍കിയത്. നെടുമ്പാശേരി ദേശീയപാതയിലെ കുഴിയില്‍ വീണ് ഹോട്ടല്‍ തൊഴിലാളി മരിച്ച സംഭവത്തെത്തുടര്‍ന്നാണു നടപടി.
വടകരയില്‍ കസ്റ്റഡിയില്‍ സജീവന്‍ മരിച്ചതു പോലീസിന്റെ മര്‍ദനംമൂലമാണെന്ന് ക്രൈംബ്രാഞ്ച്. ഹൃദയാഘാതം ഉണ്ടാകുന്നതിലേക്കു നയിച്ചത് പൊലീസിന്റെ കസ്റ്റഡി മര്‍ദ്ദനമാണ്. ശരീരത്തില്‍ 11 ഇടത്ത് പരിക്കുകളുണ്ട്. മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് ക്രൈം ബ്രാഞ്ച് കേസെടുത്തു. സസ്പെന്‍ഷനിലുള്ള എസ്ഐ എം. നിജേഷ്, എഎസ്ഐ അരുണ്‍ കുമാര്‍, സിപിഒ ഗിരീഷ് എന്നിവര്‍ ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ഒളിവിലാണെന്നാണു റിപ്പോര്‍ട്ട്.
ഇടുക്കി അണക്കെട്ട് ഇന്നു തുറക്കും. അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളില്‍ ഒന്ന് 70 സെമീ ഉയര്‍ത്തുമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു. പെരിയാര്‍ തീരത്തുള്ള 79 കുടുംബങ്ങളെ ആവശ്യമെങ്കില്‍ മാറ്റി പാര്‍പ്പിക്കും.
വീണ്ടും മഴ ഭീഷണി. ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദം രൂപപ്പെട്ടതാണ് കേരളത്തില്‍ മഴ ശക്തമായി തുടരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്.